ഇന്ത്യ സഖ്യത്തിൽ വിള്ളൽ? ഡീൽ ആരോപണത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി സിപിഎം; ഖാർഗെയ്ക്ക് എം.എ ബേബിയുടെ കത്ത്

ഇന്ത്യ സഖ്യത്തിനുള്ളിൽ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നതിനിടെ കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സിപിഎം രംഗത്ത്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎമ്മിനെതിരെ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ‘സിപിഎം-ബിജെപി ധാരണ’ ആരോപണത്തിൽ വ്യക്തത ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയ്ക്ക് കത്തയച്ചു. ആരോപണങ്ങളിൽ കോൺഗ്രസ് ഔദ്യോഗിക നിലപാട് വ്യക്തമാക്കാത്ത പക്ഷം ഇന്ത്യ സഖ്യത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഖാർഗെയ്ക്ക് അയച്ച കത്തിന്റെ പകർപ്പ് ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷി നേതാക്കൾക്കും എം.എ. ബേബി കൈമാറിയിട്ടുണ്ട്.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യ യോഗത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സിപിഎമ്മിന്റെ ഈ അസാധാരണ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കേരളത്തിൽ എത്തിയ ഖാർഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ധാരണയുണ്ടെന്നതും, അതുകൊണ്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിക്കാത്തതെന്നുമുള്ള ആരോപണങ്ങളാണ് പ്രധാനമായും ഉയർന്നത്.

ഇവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ രാഷ്ട്രീയ പരാമർശങ്ങൾ മാത്രമല്ലെന്നും, സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമാണെന്നുമാണ് എം.എ. ബേബി കത്തിൽ ചൂണ്ടിക്കാട്ടുന്നത്. 2023-ൽ ഇന്ത്യ സഖ്യം രൂപീകരിച്ചതുമുതൽ സഖ്യത്തിന്റെ നിർണായക ഘടകമായി സിപിഎം പ്രവർത്തിച്ചുവരുന്നതിനാൽ ആരോപണങ്ങളിൽ കോൺഗ്രസ് വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം ഡിഎംകെയും ഇന്ത്യ സഖ്യത്തിൽ ഇടഞ്ഞുനിൽക്കുകയാണ്. തമിഴ്നാട്ടിൽ കോൺഗ്രസ് നടത്തിയ വഞ്ചനയുടെ പശ്ചാത്തലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഡിഎംകെ. ഇതിന് പിന്നാലെയാണ് എം.എ. ബേബിയുടെ കത്തും ലഭിക്കുന്നത്. ഇതോടൊപ്പം തന്നെ ഝാർഖണ്ഡിലും പ്രതിസന്ധി ഉയർന്നിട്ടുണ്ട്. തങ്ങളുമായി ആലോചിക്കാതെ രാജ്യസഭാ സ്ഥാനാർഥികളെ കോൺഗ്രസ് നിശ്ചയിച്ചതിൽ ജെഎംഎം ഇടഞ്ഞു നിൽക്കുകയാണ്.

Related Articles

Back to top button