വന്യജീവി ആക്രമണം….പരിഹാരം കാണാൻ 2 വര്‍ഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം…പ്രതിപക്ഷ നേതാവ്…

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട് നിരുത്തവരാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താന്‍ ഇച്ഛാശക്തി കാണിക്കേണ്ട സര്‍ക്കാര്‍ കൈമലര്‍ത്തുന്നത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വന്യജീവി ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നല്‍കിയവര്‍ ഇപ്പോള്‍ മലക്കം മറിയുമ്പോള്‍ പ്രശ്‌നബാധിതര്‍ തീര്‍ത്തും അരക്ഷിതരാണ്. മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി സമഗ്ര കര്‍മ്മ പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നത്. ആ പദ്ധതികള്‍ പകര്‍ത്തി പുതിയ മട്ടില്‍ അവതരിപ്പിച്ചതല്ലാതെ നൂതനമായ യാതൊരു പരിഹാരമാര്‍ഗവും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നില്ല. പ്രതിബദ്ധതയോടെയും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയും നിതാന്ത ജാഗ്രതയിലൂടെയും ഈ വിഷയത്തില്‍ ഇടപെട്ട് സംഘര്‍ഷം വലിയ തോതില്‍ ലഘൂകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് സാധിച്ചിരുന്നു. അന്ന് കുറ്റം മുഴുവന്‍ സംസ്ഥാന സര്‍ക്കാരില്‍ ചാര്‍ത്താന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പുതിയ പ്രതിവിധികള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് തടിതപ്പുന്നത്’, പിണറായി വിജയന്‍ പറഞ്ഞു.



