മേയറുടെയും പ്രധാനമന്ത്രിയുടെയും പടം വെച്ച് റോഡ് ബ്ലോക്കാക്കി പരിപാടി; കൈയൊഴിഞ്ഞ് മേയർ, പരിസ്ഥിതി സംഘടനയ്‌ക്കെതിരെ കേസ്!

നഗരമധ്യത്തിൽ റോഡ് കൈയേറി സ്റ്റേജും കസേരകളും നിരത്തി ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തിൽ ഒടുവിൽ പോലീസ് കേസെടുത്തു. കോർപ്പറേഷന്റെ പേരും മേയറുടെ ചിത്രവും വെച്ച് പരിപാടി നടത്തിയ പരിസ്ഥിതി സംഘടനയായ ‘പുനർജനി’ക്കെതിരെയാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്. സംഭവവുമായി കോർപ്പറേഷന് യാതൊരു ബന്ധവുമില്ലെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കിയതോടെയാണ് പോലീസ് നടപടി. കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഉദ്ഘാടന ചടങ്ങിനാണ് റോഡിൽ സ്റ്റേജ് കെട്ടിയത്. റോഡിൽ വരിവരിയായി കസേരകൾ നിരത്തിയോതോടെ ഇതുവഴിയുള്ള ഗതാഗതം താറുമാറായി.
കോർപ്പറേഷൻ റോഡിൽ പരിപാടി സംഘടിപ്പിച്ചതിൽ മേയർക്കെതിരെ പ്രചാരണം ആരംഭിച്ചതോടെ മേയർ വി.വി രാജേഷ് രംഗത്തെത്തുകയും കോർപ്പറേഷന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പൊതുമരാമത്ത് റോഡിലെ പരിപാടിയിൽ പൊലീസ് ആണ് ഇടപെടേണ്ടത്. കോർപറേഷൻ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ല. സംഘടന നടത്തിയ പരിപാടിയായിരുന്നു. തന്‍റെ ചിത്രം സ്ഥാപിച്ചതിൽ അവർക്കെതിരെ നടപടിയെടുക്കാനാകില്ല. ഇന്ന് മാത്രം പതിനെട്ടോളം പരിപാടികളിൽ തന്‍റെ ചിത്രം വച്ചിട്ടുണ്ട്. എന്നാൽ രണ്ട് പരിപാടികളിൽ മാത്രമാണ് താൻ പങ്കെടുത്തതെന്നും ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം തെറ്റാണെന്നും മേയർ പറഞ്ഞു. സിപിഎം സമാനമായി റോഡിൽ സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു. അതുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് പ്രചാരണമെന്നും മേയർ പറഞ്ഞു. വിഷയം വിവാദമായതോടെയാണ് റോഡിൽ സ്റ്റേജ് കെട്ടിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തത്.



