ആർടിഒ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന; ചെടിച്ചട്ടിയിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയത്…

ചെടിച്ചട്ടിയിൽ ചെടി മാത്രമല്ല, കെട്ടുകണക്കിന് അഞ്ഞൂറിന്റെ നോട്ടുകളും വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് കാസർകോട് ആർടിഒ ഓഫീസ്! ഓഫീസിന്റെ വരാന്തയിലെ ചെടിച്ചട്ടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 17,150 രൂപയാണ് വിജിലൻസ് സംഘം പൊക്കിയത്. സംസ്ഥാനത്തെ ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പരിശോധനയിൽ നിരവധി രേഖകളും പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ആർടിഒ ഓഫീസ് സ്റ്റാഫിൻറെ കൈയ്യിൽ നിന്ന് അപേക്ഷകൾ, രേഖകൾ, ഏജൻറുമാർ നൽകേണ്ട 24 ഓളം സമ്മത പത്രങ്ങൾ എന്നിവ കണ്ടെടുത്തു. വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണൻറെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ജില്ലയിലെ ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായുള്ള രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് റെയ്ഡ് നടത്തിയത്.
ഉച്ചയ്ക്ക് ശേഷവും ഓഫീസുകളിൽ ഏജൻറുമാരുടെ സാന്നിധ്യം തുടരുന്നത് സംശയമുളവാക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊതുജനങ്ങളുടെ പരാതികൾ പരിഗണിക്കാതെ, ഏജൻറുമാർ മുഖേന നൽകുന്ന അപേക്ഷകൾ മാത്രം അതിവേഗം തീർപ്പാക്കുന്നതായി വിജിലൻസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം നടപടികൾ ശക്തമാക്കിയത്. കാസർകോട് ഓഫീസിലെ പരിശോധനയ്ക്ക് ഡിവൈഎസ്പി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകിയപ്പോൾ, കാഞ്ഞങ്ങാട് ഓഫീസിൽ ഇൻസ്പെക്ടർ നാരായണനും വെള്ളരിക്കുണ്ട് ഓഫീസിൽ കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാറുമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഭവത്തിൽ വിജിലൻസ് സംഘത്തിൻറെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.



