ശ്വാസം കിട്ടാതെ ജീവനുമായി മല്ലിട്ട് രോഗി….ഹരിപ്പാട് രോഗിയെ അരക്കിലോമീറ്റർ ദുർഘടപാതയിലൂടെ ചുമന്നു….

ഹരിപ്പാട്: കൺമുന്നിൽ പിടഞ്ഞ ജീവൻ രക്ഷിക്കാൻ ദുർഘടപാതയിലൂടെ യുവാക്കൾ രോഗിയെ കൈയിലേന്തി താണ്ടിയത് അരക്കിലോമീറ്റർ. വീയപുരം പഞ്ചായത്തിലെ കാരിച്ചാലിലാണ് നാടിന് മാതൃകയായ അതിസാഹസിക ജീവകാരുണ്യ പ്രവർത്തനം നടന്നത്. കാരിച്ചാൽ ഏഴാം വാർഡിൽ വട്ടക്കാട്ടുചിറ കിഴക്കതിൽ രാമൻകുട്ടിയെയാണ് ബ്രദേഴ്സ് ക്ലബിലെ യുവാക്കൾ സന്ദർഭോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം രാവിലെ പത്തോടെ രാമൻകുട്ടിക്ക് കടുത്ത ശ്വാസംമുട്ടലും വിമ്മിഷ്ടവും അനുഭവപ്പെടുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ ഭാര്യ വാർഡ് മെമ്പർ വർഗീസിനെ വിവരമറിയിച്ചു.



