ഹരിപ്പാട്ട് കള്ളന്മാരുടെ വിളയാട്ടം… കണ്ണിൽ ടോർച്ചടിച്ചു, ഉണർന്നപ്പോൾ മൽപ്പിടുത്തം…. തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് നഗരസഭാ പരിധിയിൽ കള്ളന്മാരുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഹരിപ്പാട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ രാത്രിയിൽ നടന്ന മോഷണശ്രമങ്ങൾക്കിടെ, കള്ളനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഹരിപ്പാട് നഗരസഭ പത്താം വാർഡ് പിലാപ്പുഴ തട്ടക്കാട്ട് ശിവ മാധവത്തിൽ സതീഷ് കുമാറിനാണ് (46) പരിക്കേറ്റത്. ഇദ്ദേഹത്തെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് സതീഷ് കുമാറിന്റെ വീടിന്റെ അടുക്കള വാതിൽ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് മോഷ്ടാവ് അകത്തുകയറിയത്. കിടപ്പുമുറിയിലെത്തിയ മോഷ്ടാവ് മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ച് പരിശോധന നടത്തുന്നതിനിടെ സതീഷ് കുമാർ ഞെട്ടിയുണരുകയും അലറിവിളിക്കുകയുമായിരുന്നു.

ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ സതീഷ് കുമാർ തടഞ്ഞുനിർത്തി പിടികൂടാൻ ശ്രമിച്ചു. ഇതോടെ മോഷ്ടാവ് കൈയിലുണ്ടായിരുന്ന ആയുധം കൊണ്ട് സതീഷ് കുമാറിന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയതോടെ മോഷ്ടാവ് ഇരുട്ടിൽ മറഞ്ഞു. സതീഷ് കുമാറിന്റെ വീടിന് പുറമേ സമീപത്തുള്ള മറ്റ് നാല് വീടുകളിലും ഇതേ രാത്രിയിൽ മോഷണശ്രമം നടന്നു. ഹരിപ്പാട് പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ആറാം വാർഡിലെ പല വീടുകളിലും ഇതേ മോഷ്ടാവ് തന്നെയാണ് എത്തിയത്. ഇതിൽ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോൺ കവർന്നതൊഴിച്ചാൽ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

വിവരമറിഞ്ഞ് ഹരിപ്പാട് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. എന്നാൽ, സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്ന് മുഖംമൂടി ധരിച്ച് കൈയിൽ കമ്പിപ്പാരയുമായി പോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖം പൂർണ്ണമായി മറച്ചിരിക്കുന്നതിനാൽ പ്രതിയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഹരിപ്പാട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നഗരത്തിൽ മോഷണശ്രമം പതിവായതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്.

Related Articles

Back to top button