കിഫ്ബിക്കെതിരെ ധവളപത്രത്തിൽ രൂക്ഷവിമർശനം…. ‘കടം 5.07 ലക്ഷം കോടി, വരുമാനത്തിന്റെ 77 ശതമാനവും ശമ്പളത്തിനും പെൻഷനും’

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി വി.ഡി. സതീശൻ സർക്കാർ നിയമസഭയിൽ സമർപ്പിച്ച ധവളപത്രത്തിൽ മുൻ സർക്കാരിന്റെ സ്വപ്നപദ്ധതിയായ കിഫ്‌ബിക്കെതിരെ രൂക്ഷവിമർശനം. കിഫ്‌ബിയുടെ അടിസ്ഥാന ആശയം തന്നെ ദുർബ്ബലമായെന്നും, കിഫ്‌ബിയെ പൂർണ്ണമായും ബജറ്റ് നിയന്ത്രണത്തിലാക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ധവളപത്രത്തിൽ വ്യക്തമാക്കുന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നെന്നാണ് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലുള്ളത്. സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗവും നിത്യനിദാന ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാത്രമാണ് ഉപയോഗിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കഴിയാത്ത വിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധവളപത്രം വ്യക്തമാക്കുന്നു. ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബി ഇപ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കിഫ്ബി എടുത്ത വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.

കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും ഇനി സർക്കാരിന്റെ മേലാകും. കിഫ്ബിക്ക് വായ്പ എടുക്കാൻ ഗവൺമെന്റിനേക്കാൾ 1 മുതൽ 1.5% വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്. ഇത് ബാധ്യത ഇരട്ടിയാക്കുന്നു. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ കടുത്ത പ്രാദേശിക അസമത്വമുണ്ട്. ആകെ അനുവദിച്ച തുകയുടെ 20 ശതമാനവും കണ്ണൂർ ജില്ലയിൽ മാത്രമാണ് ചെലവഴിച്ചത്. കിഫ്ബിയുടെ നിലവിലെ പ്രവർത്തന രീതികൾ സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലേക്ക് നയിക്കുമെന്നും, അതുകൊണ്ട് തന്നെ കിഫ്ബിയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ബജറ്റിന്റെ പരിധിക്കുള്ളിലേക്ക് കൊണ്ടുവരണമെന്നുമാണ് സർക്കാർ പുറത്തുവിട്ട ധവളപത്രത്തിലെ പ്രധാന ശുപാർശ.

Related Articles

Back to top button