വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം…. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭർത്താവ്

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവം. മന്ത്രിയുടെ സഹോദരീ ഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റുമാണ് ബെന്നി തോമസ്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങൾ ഉയരുന്നതിനിടെ, ബെന്നി തോമസിന് പൂർണ്ണ പിന്തുണയുമായി ധർമടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന അബ്ദുൾ റഷീദ് രംഗത്തെത്തി. കണ്ണൂരിലെ ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് ബെന്നി തോമസെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റ്, സേവാദൾ ചെയർമാൻ, ഡി.സി.സി ജനറൽ സെക്രട്ടറി എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.
കണ്ണൂരിലെ മലയോര കുടിയേറ്റ മേഖലയിൽ കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനെ ‘മന്ത്രി സണ്ണി ജോസഫിന്റെ അളിയൻ’ എന്ന തരത്തിൽ മാത്രം ചുരുക്കി വാർത്ത നൽകുമ്പോൾ അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയ പാരമ്പര്യം കൂടി ചേർക്കാൻ തയ്യാറാകണം, എന്ന് അബ്ദുൾ റഷീദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെ ബന്ധുവായതുകൊണ്ട് മാത്രം ലഭിച്ച പദവിയല്ല ഇതെന്നും, ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പരിചയവും അർഹതയും മാനിച്ചാണ് നിയമനമെന്നുമാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിശദീകരണം.



