തലസ്ഥാനത്തെ മുക്കിയ വെള്ളക്കെട്ട്: ‘ഇനി വിട്ടുവീഴ്ചയില്ല, കനത്ത പിഴ’; ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ കർശന നിർദ്ദേശം

ഒരൊറ്റ മഴയിൽ തലസ്ഥാന നഗരി വെള്ളത്തിനടിയിലായതിന് പിന്നാലെ, ഒട്ടും സമയം കളയാതെ അടിയന്തര നടപടികളുമായി സർക്കാർ. നഗരത്തിലെ വെള്ളക്കെട്ട് വൻ ചർച്ചയായതോടെ, നാളെ നടക്കാനിരിക്കുന്ന ഉന്നതതല യോഗത്തിന് മുന്നോടിയായി ജില്ലാ ചുമതലയുള്ള മന്ത്രി സി.പി. ജോൺ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു.
ഓടകളിലും തോടുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ ഇനി യാതൊരു ദാക്ഷിണ്യമോ വിട്ടുവീഴ്ചയോ ഉണ്ടാകില്ലെന്ന് മന്ത്രി കർശന മുന്നറിയിപ്പ് നൽകി. മാലിന്യം തള്ളുന്ന വ്യക്തികൾക്കും അതിന് കാരണക്കാരാകുന്ന സ്ഥാപനങ്ങൾക്കുമെതിരെ കനത്ത പിഴയടക്കമുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കർശനമായ പരിശോധനയും ജാഗ്രതയും ഉണ്ടാകണമെന്നും മന്ത്രി നിർദ്ദേശിച്ചു.



