‘പ്രത്യയശാസ്ത്രങ്ങൾ ക്യാമ്പസിന് പുറത്തു വെക്കൂ, അല്ലെങ്കിൽ നല്ല ഭാവി ഉണ്ടാകില്ല’…… സർവ്വകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ

കണ്ണൂർ: സർവ്വകലാശാല ക്യാമ്പസുകളിൽ നടക്കുന്ന അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സമ്പ്രദായത്തെ അമിതമായി രാഷ്ട്രീയവത്കരിക്കുന്നത് നമ്മുടെ മുഴുവൻ വിദ്യാഭ്യാസ സംവിധാനത്തെയും തകർത്തുതരിപ്പണമാക്കുമെന്ന് ഗവർണർ ഓർമ്മിപ്പിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പി.എം ഉഷ പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വ്യത്യസ്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ ഉണ്ടാകാം എന്നതിൽ തർക്കമില്ല. എന്നാൽ ആ പ്രത്യയശാസ്ത്രങ്ങളെല്ലാം തന്നെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിർത്തിക്ക് പുറത്ത് സൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഗവർണർ വ്യക്തമാക്കി. തന്റെ വ്യക്തിപരമായ നിലപാട് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം. ഞാനും എന്റെ രാഷ്ട്രീയ ബന്ധങ്ങളും താല്പര്യങ്ങളും ക്യാമ്പസിന്റെ അതിരുകൾക്ക് പുറത്താണ് സൂക്ഷിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ വിദ്യാഭ്യാസം മാത്രമാണ് ലക്ഷ്യം. എന്തുവിലകൊടുത്തും ക്യാമ്പസുകളെയും സർവ്വകലാശാലകളെയും രാഷ്ട്രീയവൽക്കരിക്കുന്നത് നമ്മൾ അവസാനിപ്പിച്ചേ മതിയാകൂ. അതിന് കഴിഞ്ഞില്ലെങ്കിൽ, വരുംതലമുറയ്ക്ക് ഇവിടെ നല്ലൊരു ഭാവി ഉണ്ടാകില്ല, എന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അതിപ്രസരം വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്നു എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഈ കടുത്ത പ്രതികരണം. ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഗവർണർ നിലപാട് കടുപ്പിക്കുമ്പോൾ, നേരത്തെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച് ഇറക്കിയ ഉത്തരവ് വീണ്ടും ചർച്ചയാകുകയാണ്. ഗവർണറുടെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു അന്ന് സർവ്വകലാശാല അധികൃതർ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിൽ മുൻകൂർ അനുമതിയില്ലാതെ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്നും, ഇത് ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമായിരുന്നു ആ സർക്കുലറിലെ ഉള്ളടക്കം. എന്നാൽ ഈ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങളും വിദ്യാർത്ഥി സംഘടനകളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതോടെ കനത്ത സമ്മർദ്ദത്തിലായ സർവ്വകലാശാല അധികൃതർ ഒടുവിൽ ആ ഉത്തരവ് പിൻവലിക്കുകയാണുണ്ടായത്. ഈ വിവാദങ്ങൾ നിലനിൽക്കെയാണ് ഗവർണർ വീണ്ടും കണ്ണൂരിൽ വെച്ച് തന്റെ നിലപാട് പരസ്യമായി ആവർത്തിച്ചിരിക്കുന്നത്.



