‘സീനിയറായാലും ജൂനിയറായാലും വെള്ളാപ്പള്ളിമാർക്ക് ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്’….. വി ഡി സതീശൻ – തുഷാർ കൂടിക്കാഴ്ചയ്ക്കെതിരെ ആഞ്ഞടിച്ച് വി ആർ അനൂപ്

ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശനും ബി.ഡി.ജെ.എസ് അധ്യക്ഷനും എൻ.ഡി.എ നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രമുഖ കോൺഗ്രസ് നേതാവ് വി ആർ അനൂപ്. സീനിയർ വെള്ളാപ്പള്ളി ആയാലും ജൂനിയർ വെള്ളാപ്പള്ളി ആയാലും അവരെ ചർച്ചയ്ക്ക് ഇരുത്തി ‘ലെജിറ്റിമിസി’ ഉണ്ടാക്കിക്കൊടുക്കുന്നത് അധികാരത്തിൽ ഇരിക്കുന്ന ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വി.ആർ. അനൂപ് തുറന്നടിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ആർ. അനൂപ് ഈ നിലപാട് വ്യക്തമാക്കിയത്. തുഷാർ വെള്ളാപ്പള്ളിയെ ഒരു സാമുദായിക നേതാവായി കാണാൻ കഴിയില്ലെന്ന് വി.ആർ. അനൂപ് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
“തുഷാർ ഒരു സാമ്പത്തിക കുറ്റവാളിയാണ്. അത്തരം ആളുകളെ ഔദ്യോഗികമായി ചേർത്തുനിർത്തുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമേ നൽകൂ. എൻ.ഡി.എയുടെ (NDA) പ്രധാന ഘടകകക്ഷി നേതാവ് കൂടിയാണ് തുഷാർ വെള്ളാപ്പള്ളി എന്ന കാര്യം മറക്കരുത്. പ്രതിപക്ഷത്തിരുന്ന കഴിഞ്ഞ പത്ത് വർഷക്കാലം നമ്മൾ സ്വീകരിച്ച രാഷ്ട്രീയ സമീപനം ഭരണം കിട്ടുമ്പോൾ പെട്ടെന്ന് മാറുന്നത് ഒട്ടും ശരിയല്ല. തങ്ങളെപ്പോലുള്ള സാധാരണ പ്രവർത്തകർ വെള്ളാപ്പള്ളിമാരുടെ വിദ്വേഷ പ്രസ്താവനകൾക്ക് എതിരെ നിരന്തരം നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഓർമ്മിപ്പിക്കുകയാണ്.” — കോൺഗ്രസ് നേതാവ് വി.ആർ. അനൂപ് പറഞ്ഞു.
വി.ഡി. സതീശന്റെ ജന്മദിനമായ ഞായറാഴ്ചയായിരുന്നു തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയത്. കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതോടെ വിശദീകരണവുമായി തുഷാർ തന്നെ രംഗത്തെത്തിയിരുന്നു. തികച്ചും സൗഹൃദത്തിന്റെ ഭാഗമായാണ് താൻ സതീശനെ കാണാൻ എത്തിയതെന്നും, ഇത് കേവലം വ്യക്തിപരമായ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ അജണ്ടകൾ ഇതിന് പിന്നിൽ ഇല്ലെന്നുമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ വിശദീകരണം.




