“അവൾ എന്റെ മകളാണെന്ന് പറയാൻ പോലും നാണക്കേട്, എല്ലാത്തിനും കൂട്ടുനിന്നു”….. നെടുമങ്ങാട്ടെ ക്രൂരതയിൽ പ്രതികരിച്ച് പ്രതിയുടെ അമ്മ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ, അറസ്റ്റിലായ അമ്മ അഖിലയ്ക്കും പങ്കാളി അഷ്കറിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി അഖിലയുടെ അമ്മ റീന. അഷ്കർ കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും അഷ്കറിനെ കാണുമ്പോൾ തന്നെ കുഞ്ഞ് ഭയന്ന് കരയുമായിരുന്നുവെന്നും റീന പറഞ്ഞു. അഖില സ്വന്തം മകളാണെന്ന് പറയാൻ പോലും തനിക്ക് നാണക്കേടാണെന്നാണ് അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കുഞ്ഞിനെ തങ്ങളെ ഏൽപ്പിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അഖില അതിന് തയ്യാറായില്ല. കുഞ്ഞിനെ ‘പുഴുത്ത പട്ടിയെപ്പോലെയായിരിക്കും നോക്കുക’ എന്ന് അഷ്കർ പറഞ്ഞിരുന്നതായും ഇതിനെല്ലാം അഖില കൂട്ടുനിന്നതായും റീന വ്യക്തമാക്കി. പൊലീസിനെ സമീപിച്ചെങ്കിലും അഖിലയുടെ എതിർപ്പ് മൂലം കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.
കുഞ്ഞിനെ തങ്ങൾക്ക് വിട്ടുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഈ ദുരന്തവാർത്ത എത്തിയതെന്ന് കുട്ടിയുടെ അന്തരിച്ച പിതാവ് അഖിലിന്റെ അമ്മ പറഞ്ഞു. കുഞ്ഞിനെ വിട്ടുകിട്ടാൻ അഖിലിന്റെ കുടുംബം പരമാവധി ശ്രമിച്ചിരുന്നു. അഖില മൂന്നുമാസം ഗർഭിണിയായിരിക്കെയാണ് ആദ്യ ഭർത്താവ് അഖിൽ ആത്മഹത്യ ചെയ്തത്. പിന്നീട് അഖിലിന്റെ വീട്ടിൽ നിന്ന് മാറിത്താമസിച്ച അഖില, അഷ്കറുമായി അടുപ്പത്തിലാവുകയും വാടകവീട്ടിൽ ഒരുമിച്ച് താമസം തുടങ്ങുകയുമായിരുന്നു. ഇതിനിടെ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ പോലും അഖില ശ്രമിച്ചിരുന്നു. ഈ വിവരമറിഞ്ഞ് അഖിലിന്റെ കുടുംബം അഖിലയുടെ ബന്ധുക്കളുമായി സംസാരിക്കുകയും, കുഞ്ഞിനെ അഖിലിന്റെ കുടുംബത്തിന് വിട്ടുനൽകാൻ ധാരണയാവുകയും ചെയ്തിരുന്നു. ഈ ഉറപ്പ് ലഭിച്ച് ദിവസങ്ങൾക്കകമാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. നേരത്തെ കുഞ്ഞിന്റെ ഇരു കൈകളും ഒടിഞ്ഞപ്പോൾ, സൈക്കിളിൽ നിന്ന് വീണതാണെന്നാണ് അഖിലയുടെ ബന്ധുക്കൾ നൽകിയ വിശദീകരണം. എന്നാൽ ഇത് അഷ്കറിന്റെ മർദ്ദനമേറ്റാണെന്ന സംശയത്തിലാണ് പൊലീസ്.
കുഞ്ഞിന്റെ ശരീരത്തിൽ ആകെ 51 മുറിവുകളാണ് കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ അടക്കം ആഴത്തിൽ മുറിവുകളുണ്ട്. കാലിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളുമുണ്ട്. തലയ്ക്കേറ്റ മർദ്ദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണം. കുഞ്ഞിനെ ശനിയാഴ്ച പുലർച്ചെയോടെയാണ് ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്കർ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയത്ത് അഖില തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനിടെ, പ്രതിയായ അഷ്കറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. പനവൂരിലെ വാടകവീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന അഷ്കറിന്റെ കാർ ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചുതകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




