മലയാള സാഹിത്യത്തിൽ വീണ്ടുമൊരു വിവാദം; കെ ആർ മീരയുടെ ‘കലാച്ചി’യും ഹരിത സാവിത്രിയുടെ ‘സിന്നും’ തമ്മിൽ സമാനതകളെന്ന് വായനക്കാർ

മലയാള സാഹിത്യലോകത്ത് പുത്തൻ വിവാദങ്ങൾക്ക് തിരികൊളുത്തി പ്രമുഖ എഴുത്തുകാരികളുടെ നോവലുകൾ തമ്മിലുള്ള കഥാസാമ്യ ചർച്ചകൾ. എഴുത്തുകാരി ഹരിത സാവിത്രിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ഈ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കെ.ആർ മീരയുടെ പുതിയ നോവലായ ‘കലാച്ചി’യും ഹരിതയുടെ ‘സിൻ’ എന്ന നോവലും തമ്മിൽ പ്രമേയത്തിൽ സമാനതകളുണ്ടെന്നാണ് വായനക്കാരുടെ കണ്ടെത്തൽ.
2022-ൽ പുറത്തിറങ്ങിയ ഹരിതയുടെ സിന്നും 2025-ൽ പുറത്തിറങ്ങിയ കലാച്ചിയും തമ്മിൽ ഉള്ളടക്കത്തിൽ സമാനതയുണ്ടെന്നാണ് സാഹിത്യ പ്രേമികൾ പറയുന്നത്. കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയിൽ പോകുന്ന യുവതിയുടെ പോരാട്ടമാണ് രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം. ഇതിൽ സമാനതയുണ്ടെന്ന ചർച്ചയണിപ്പോൾ കൊഴുക്കുന്നത്.
അതേസമയം, പേര് പരാമർശിക്കാതെയുള്ള ഹരിതയുടെ ഫേസ്ബുക്ക് കുറിപ്പും ഇപ്പോൾ ചർച്ചയാവുന്നുണ്ട്. ആരുടെയും പേര് പരാമർശിക്കാതെയാണ് അവർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ലോകമെമ്പാടുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങൾ’ എന്ന് പറഞ്ഞുകൊണ്ടാണ് ഹരിത കുറിപ്പ് തുടങ്ങുന്നത്.
ചിലർ മറ്റൊരു രാജ്യത്തിലേക്ക് കഥ പറിച്ചു നടുമെന്നും രാത്രിയെ പകലാക്കുകയും മഴയെ മഞ്ഞാക്കുകയും ചെയ്യുമെന്നും ഹരിത കുറിച്ചു. ‘പക്ഷെ ആ അക്ഷരങ്ങൾക്കുള്ളിൽ അപ്പോഴും നിങ്ങൾക്ക് സ്വന്തം രക്തത്തിന്റെ ചുവപ്പ് കാണാം. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളുടെ കനം അനുഭവിക്കാം. നിങ്ങളുടെ കണ്ണീരിന്റെ ഉപ്പ് രുചിക്കാം. നിശബ്ദരായി ഇരിക്കുകയേ വഴിയുള്ളൂ. അവർക്ക് കൂട്ടിന് പ്രസാധകരും നിരൂപകരും ആരാധകവൃന്ദവുമുണ്ടാവും. കാരണം, ഈ കളി കളിക്കേണ്ടത് എങ്ങനെയെന്ന് നിങ്ങളേക്കാൾ നന്നായി അവർക്കറിയാം’, എന്ന് പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
‘ഇങ്ങനെ എന്തെങ്കിലും അനുഭവം ഇപ്പോൾ ഉണ്ടായോ?’, എന്ന് പോസ്റ്റിന് താഴെ വന്ന കമന്റിന് ‘അത് പറയേണ്ടത് താനല്ലെന്നും വായനക്കാരാണെന്നു’മായിരുന്നു ഹരിതയുടെ മറുപടി. സംഭവത്തിൽ കെ ആർ മീര ഇതുവരെ പ്രതികരിച്ചിട്ടില്ല.



