അരമണിക്കൂർ മഴയിൽ തലസ്ഥാനം മുങ്ങി… നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണം പാളി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ അവകാശവാദങ്ങളെയെല്ലാം കാറ്റിൽപ്പറത്തി തലസ്ഥാന നഗരിയിൽ വ്യാപക വെള്ളക്കെട്ട്. നഗരസഭ കോടികൾ ചെലവഴിച്ച് നടത്തിയെന്ന് പറഞ്ഞ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പാളിയെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് നഗരത്തിൽ ഉടനീളം കാണുന്നത്. ഉച്ചയ്ക്ക് ശേഷം വെറും അര മണിക്കൂർ നിർത്താതെ പെയ്ത മഴയിലാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലായത്.

ലോകപ്രശസ്തമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുൻപിലെ റോഡ് പൂർണ്ണമായും വെള്ളക്കെട്ടിലായി. നഗരത്തിലെ പ്രധാന ഓടയായ ആമയിഴഞ്ചാൻ തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കടുത്ത ദുർഗന്ധം വമിക്കുന്ന മലിനജലമാണ് റോഡിലേക്ക് ഒഴുകിയെത്തിയത്. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരും പ്രദേശവാസികളും മുട്ടറ്റം വരെയുള്ള ഈ മലിനജലത്തിലൂടെയാണ് നടന്നുനീങ്ങുന്നത്. ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. നഗരത്തിലെ വി.ഐ.പി മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വത്സലാ നഴ്‌സിംഗ് ഹോം റോഡിൽ കടുത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും റോഡ് താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.

തലസ്ഥാനത്തെ പ്രധാന ഗതാഗത ഹബ്ബായ തമ്പാനൂർ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് മണിക്കൂറുകളോളമാണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്. ശക്തമായ മഴയിൽ പഴവങ്ങാടിയിലെ നിരവധി കടകളിലേക്ക് വെള്ളം ഇരച്ചുകയറി വ്യാപാരികൾക്ക് വൻ നാശനഷ്ടമുണ്ടായി. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന പ്രധാന പാതയായ ചാക്കയിലും വെള്ളം ഉയർന്നതോടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. പുലർച്ചെ മുതൽ തലസ്ഥാനത്ത് പെയ്യുന്ന മഴ ഉച്ചയ്ക്ക് ശേഷമാണ് അതിശക്തമായത്. ജില്ലയിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരത്ത് മൂന്നു മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യമില്ലാതെ ആരും പുറത്തിറങ്ങരുതെന്നും താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് മേയർ നിർദ്ദേശം നൽകിയെങ്കിലും ജനങ്ങൾ കടുത്ത രോഷത്തിലാണ്.

Related Articles

Back to top button