‘സിൽവർ ലൈനിലെക്കാൾ വലിയ സമരം വരും’… ഇ. ശ്രീധരന്റെ പുതിയ അതിവേഗ പാതയ്‌ക്കെതിരെയും കെ-റെയിൽ വിരുദ്ധ സമരസമിതി

കൊച്ചി: മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പാതാ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി കെ-റെയിൽ വിരുദ്ധ സമരസമിതി രംഗത്ത്. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയാൽ ശക്തമായി എതിർക്കുമെന്ന് സമരസമിതി കൺവീനർ എസ്. രാജീവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രീയമായ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ ഒരു തരത്തിലുള്ള റെയിൽ പദ്ധതികളുമായും അധികൃതർ മുന്നോട്ടുപോകരുത്.

കേരളത്തിന്റെ നിലവിലെ ഭൂമിശാസ്ത്രപരമായ സാഹചര്യത്തിൽ പുതിയൊരു റെയിൽ പാതയുടെ ആവശ്യമില്ല. നിലവിലുള്ള റെയിൽവേ പാത ഇരട്ടിപ്പിച്ചാൽ തന്നെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് മാറിയുള്ള സ്റ്റാൻഡേർഡ് ഗേജിലേക്കോ അല്ലെങ്കിൽ സ്റ്റാൻഡ് എലോൺ രീതിയിലേക്കോ ഉള്ള മാറ്റം കേരളത്തിന് ആവശ്യമില്ല. കേരളത്തിലെ പാതകളിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഇതിനകം തെളിയിച്ചതാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി.

പുതിയ അതിവേഗ പാതയോടുള്ള തങ്ങളുടെ ശക്തമായ വിയോജിപ്പ് മുഖ്യമന്ത്രി വി.ഡി സതീശനെ നേരിട്ട് അറിയിക്കും. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായാൽ സമരസമിതി പ്രതിനിധികൾ അദ്ദേഹത്തെ കാണും. മുൻപ് സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളം കണ്ടതുപോലെയുള്ള ശക്തമായ ജനകീയ സമരം ഈ പദ്ധതിക്കെതിരെയും ആവർത്തിക്കേണ്ടി വരും. വരുംദിവസങ്ങളിലെ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി അടുത്ത ദിവസം ആലുവയിൽ അടിയന്തര യോഗം ചേരുമെന്നും സമരസമിതി വ്യക്തമാക്കി.

Related Articles

Back to top button