ഗർഭം ധരിച്ചാൽ ഹോസ്റ്റലിലേക്ക് മാറ്റും, കുട്ടിയെ വേണമെങ്കിൽ മാസം 50,000… എറണാകുളവും തൃശൂരും കേന്ദ്രീകരിച്ച് വൻ മാഫിയ…. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: കേരളത്തിൽ നിയമവിരുദ്ധ വാടകഗർഭ മാഫിയകളും അവയവക്കടത്ത് സംഘങ്ങളും വൻതോതിൽ സജീവമാണെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വാടകഗർഭം ധരിച്ച കോഴിക്കോട് സ്വദേശിയായ 32-കാരിയുടെ സുഹൃത്തും ഇടനിലക്കാരനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ഈ അധോലോകത്തിന്റെ പ്രവർത്തന രീതികൾ പുറത്തുവന്നത്.
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസികളാണ് ഈ വാടകഗർഭ മാഫിയയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. തൃശ്ശൂരിലെ അമ്പല ദർശനത്തിനിടെയാണ് കോഴിക്കോട് സ്വദേശിയായ യുവതിയെ ഈ സംഘം വലയിലാക്കുന്നത്. വാടകഗർഭത്തിന് സമ്മതിച്ചതോടെ യുവതിയെ എറണാകുളത്തെ ഒരു രഹസ്യ ഹോസ്റ്റലിലേക്ക് ഏജൻസി മാറ്റി. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഹോസ്റ്റൽ മുറികളും വാടകക്കരാറുകളും യുവതികളുടെ പേരിൽ തന്നെയാണ് എടുക്കുന്നത്.
വാടകഗർഭം ധരിക്കുന്ന യുവതിക്ക് ആകെ 6 ലക്ഷം രൂപയാണ് മാഫിയ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ കുട്ടികൾ ആവശ്യമുള്ള ദമ്പതികളിൽ നിന്ന് ഇവർ പ്രതിമാസം 50,000 രൂപ വീതം പ്രത്യേകം ഈടാക്കുന്നുണ്ട്. എറണാകുളത്തെ പ്രമുഖ ആശുപത്രികളിലാണ് പ്രസവം നടക്കുന്നത്. പ്രസവം സിസേറിയൻ ആണെങ്കിൽ 15 ദിവസം വരെ ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യം നൽകും. എന്നാൽ അതിനുശേഷമുള്ള തുടർചികിത്സകളെല്ലാം ഈ ഇരകൾ സ്വന്തം ചെലവിൽ നോക്കണമെന്നാണ് ഏജൻസിയുടെ നിബന്ധന. ഇത്തരം ആറോളം യുവതികൾ ഇപ്പോഴും കൊച്ചിയിലെ ഹോസ്റ്റലിലുണ്ടെന്നാണ് വെളിപ്പെടുത്തൽ.
വാടകഗർഭത്തിന് പുറമെ സംസ്ഥാനത്ത് അവയവക്കടത്ത് മാഫിയയും സജീവമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ ഒരു ഇടനിലക്കാരൻ യുവതിയെ വിളിച്ച് കരൾ നൽകാൻ പ്രേരിപ്പിക്കുന്ന ഓഡിയോയാണ് പുറത്തായത്. കരൾ നൽകിയാൽ 10 ലക്ഷം രൂപയാണ് ഇയാൾ വാഗ്ദാനം ചെയ്യുന്നത്. തന്റെ പക്കൽ ഇപ്പോൾ തന്നെ രണ്ടുമൂന്ന് കേസുകൾ കൂടി വന്നിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്നും ഇടനിലക്കാരൻ ഉറപ്പുനൽകുന്നുണ്ട്. “കിഡ്നി ട്രാൻസ്പ്ലാന്റേഷൻ വലിയ പ്രശ്നമാണ്. എന്നാൽ കരൾ നൽകിയാൽ മൂന്ന് മാസം മാത്രം റെസ്റ്റ് എടുത്താൽ മതി, മറ്റ് റിസ്കുകളൊന്നുമില്ല” എന്ന് പറഞ്ഞാണ് സംഘം പാവപ്പെട്ട യുവതികളെ അവയവക്കച്ചവടത്തിലേക്ക് ആകർഷിക്കുന്നത്.
സംസ്ഥാനത്ത് നേരത്തെയും സമാനമായ അവയവക്കടത്ത് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന്മേൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊച്ചിയിലെയും തൃശൂരിലെയും പുതിയ മാഫിയാ ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



