എസ്‌ഐ റാങ്ക് ലിസ്റ്റിലുള്ളവർക്ക് ബിഗ് റിലീഫ്…. 43 പേർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അടിയന്തര നിർദ്ദേശം

പി.എസ്.സി സബ് ഇൻസ്പെക്ടർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തര നിർദ്ദേശം നൽകി. പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും എസ്‌ഐ റാങ്ക് ലിസ്റ്റിന് ഈ ആനുകൂല്യം ബാധകമായിരുന്നില്ല. ഇതോടെ വലിയ പ്രതിസന്ധിയിലായ ഉദ്യോഗാർത്ഥികൾ ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഈ പരാതിയിന്മേലാണ് ഇപ്പോൾ മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.
പി.എസ്.സി നടത്തിയ എസ്‌ഐ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2025 ജൂൺ 9-നായിരുന്നു. വരാനിരിക്കുന്ന ജൂൺ 9-ന് ഈ ലിസ്റ്റിന്റെ കാലാവധി പൂർണ്ണമായും അവസാനിക്കുകയാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും ജോലി ലഭിക്കാതെ പുറത്തുപോകേണ്ടി വരുമായിരുന്ന അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ നിവേദനവുമായി മന്ത്രിയെ സമീപിച്ചത്. ഉദ്യോഗാർത്ഥികളുടെ പരാതി പൂർണ്ണമായി കേട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വിഷയത്തിൽ അടിയന്തര നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയായിരുന്നു. പരീക്ഷയെഴുതി യോഗ്യത നേടിയ ഒരാൾക്ക് പോലും ജോലി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയാണ് 43 പേർക്ക് അടിയന്തരമായി നിയമന ഉത്തരവ് അയക്കാൻ മന്ത്രി ആഭ്യന്തര വകുപ്പിന് കർശന നിർദ്ദേശം നൽകിയത്.



