വടകരയിലേത് ആത്മഹത്യയല്ല, കൊലപാതകം…. പ്രമുഖരെ അണിനിരത്തി കോൺഗ്രസ് കൊള്ള നടത്തിയെന്ന് എം.വി. ഗോവിന്ദൻ

കണ്ണൂർ: വടകരയിൽ കടത്തനാട് ലേബർ സൊസൈറ്റിയുടെ സാമ്പത്തിക വഞ്ചനയെ തുടർന്ന് നിക്ഷേപകനായ ഇബ്രാഹിംകുട്ടി ഹാജി തീ കൊളുത്തി മരിച്ച സംഭവം ആത്മഹത്യയല്ല, മറിച്ച് കൊലപാതകമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിതമായ കൊള്ളയുടെ ഇരയാണ് മരണപ്പെട്ട വയോധികനെന്നും അദ്ദേഹം ആരോപിച്ചു.

സഹകരണ പ്രസ്ഥാനം എന്ന വ്യാജേന വലിയ രീതിയിലുള്ള തട്ടിപ്പാണ് അവിടെ നടന്നത്. മുസ്ലിം ലീഗിന്റെ ഉന്നത നേതാക്കളാണ് ഈ സൊസൈറ്റിയിലേക്ക് ധനസമാഹരണം നടത്തുന്നതിനുള്ള ഉദ്ഘാടന പരിപാടികളിൽ ഉൾപ്പെടെ മുന്നിൽ നിന്നത്. സമൂഹത്തിലെ പ്രമുഖരായ ആളുകളെ അണിനിരത്തിയാണ് ഇത്തരമൊരു കൊള്ള നടത്തിയത്. ഇബ്രാഹിംകുട്ടിയെപ്പോലെ നിരവധി സാധാരണക്കാരായ നിക്ഷേപകർ ഈ സൊസൈറ്റിയിൽ പണം നഷ്ടപ്പെട്ട് കിടക്കുന്നുണ്ടെന്നും ജനങ്ങൾ കടുത്ത രോഷത്തിലാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത കോൺഗ്രസ്, ബി.ജെ.പിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കാര്യങ്ങൾ ചെയ്യുന്നത്. ബി.ജെ.പിയുമായി ചേർന്ന് മുന്നോട്ട് പോകുന്ന കോൺഗ്രസ് നിലപാടിന്റെ പ്രകടമായ രൂപമാണ് കെ-റെയിലിന് ബദലായി അവർ കൊണ്ടുവരുന്ന അതിവേഗ റെയിൽ പദ്ധതിയെന്നും അദ്ദേഹം പരിഹസിച്ചു.

അതിവേഗ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമാണെന്നാണ് സി.പി.ഐ.എം നിലപാടെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തങ്ങൾ അധികാരത്തിൽ നിന്ന് പോയി എന്ന് കരുതി നാടിന് ആവശ്യമായ അതിവേഗ റെയിൽ പദ്ധതിയെ ഒരുകാലത്തും എതിർക്കില്ല. പദ്ധതി വരണമെന്നത് തന്നെയാണ് ഇടത് പക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. കേരളത്തിന്റെ അടുത്ത 50 വർഷക്കാലത്തെ വളർച്ച മുൻനിർത്തി വിഭാവനം ചെയ്ത കെ-റെയിൽ പദ്ധതിയെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിർത്ത് തോൽപ്പിച്ച യു.ഡി.എഫ് സർക്കാർ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം. വന്ദേമാതരം വിവാദം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Related Articles

Back to top button