റിലീസിനൊരുങ്ങുന്ന ‘അജസുന്ദരി’ സിനിമയ്ക്കെതിരെ വ്യാപാരികളുടെ പരാതി…. ലക്ഷങ്ങളുടെ കുടിശ്ശിക നൽകാതെ പറ്റിച്ചെന്ന് ആരോപണം

കോഴിക്കോട്: റിലീസിനൊരുങ്ങുന്ന ജോജു ജോർജ്-ലിജോമോൾ ചിത്രം ‘അജസുന്ദരി’ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി കോഴിക്കോട് വിലങ്ങാടുള്ള വ്യാപാരികൾ രംഗത്ത്. ഷൂട്ടിംഗ് സംഘം പലചരക്ക് സാധനങ്ങളും ഇറച്ചിയും വാങ്ങി ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തി കബളിപ്പിച്ചെന്നാണ് വ്യാപാരികളുടെ പരാതി. ഷൂട്ടിംഗ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും പണം നൽകിയിട്ടില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമാണ് സംവിധായകൻ മനു ആന്റണി, നടൻ ജോജു ജോർജ്, സംവിധായകൻ ആഷിഖ് അബു എന്നിവരടങ്ങുന്ന ടീം ഷൂട്ടിംഗിനായി വിലങ്ങാട് എത്തിയത്. മൂന്ന് മാസത്തിലധികം ഇവിടെ താമസിച്ച് ചിക്കൻ, ബീഫ്, താറാവ്, നാടൻ കോഴി, മുട്ട എന്നിവയുൾപ്പെടെ വാങ്ങിയ വകയിൽ വൻ തുകയാണ് കുടിശ്ശിക വരുത്തിയത്. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂരിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഉണ്ടായതെന്നും വ്യാപാരികൾ ആരോപിക്കുന്നു. ക്യാൻസർ രോഗിയായ കച്ചവടക്കാരന് മസാലകൾ വാങ്ങിയ ഇനത്തിൽ 47,000 രൂപയും, മറ്റൊരു വ്യാപാരിക്ക് പാലിനും തൈരിനുമായി 42,000 രൂപയും, തേങ്ങ വാങ്ങിയ വകയിൽ 14,000 രൂപയും ലഭിക്കാനുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധി കാരണം കട പൂട്ടിയിടേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാർ പറയുന്നു. വിഷയത്തിൽ ഇന്ന് തന്നെ പോലീസിനെ സമീപിക്കാനാണ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ തീരുമാനം.

അതേസമയം, വ്യാപാരികളുടെ ആവശ്യം ന്യായമാണെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും സംവിധായകൻ ആഷിഖ് അബു പ്രതികരിച്ചു. കൊടുക്കാനുള്ള പണം കരാറുകാരന്റെ പക്കൽ ഉണ്ടെന്നും എന്നാൽ കഴിഞ്ഞ രണ്ടുമാസമായി കരാറുകാരനെ ഫോണിൽ കിട്ടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനു ആന്റണി സംവിധാനം ചെയ്ത് ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘അജസുന്ദരി’ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് ഈ പുതിയ വിവാദം.

Related Articles

Back to top button