ഓട്ടോ ഡ്രൈവർമാരുടെ യൂണിഫോം ധരിച്ച് രാഹുൽ ഗാന്ധി, ഒപ്പം നിലത്തിരുന്ന് ഉച്ചഭക്ഷണവും

ഡൽഹിയിലെ ബംഗാളി മാർക്കറ്റ് മേഖലയിലെ തോടർമൽ പാർക്കിൽ വെച്ച് ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി സംവദിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ചയായിരുന്നു തന്റെ വീടിന് സമീപത്തുവെച്ച് അപ്രതീക്ഷിതമായി രാഹുൽ ഡ്രൈവർമാരെ കാണാനെത്തിയത്. ഓട്ടോ ഡ്രൈവർമാരുടെ ഔദ്യോഗിക യൂണിഫോം ധരിച്ചാണ് അദ്ദേഹം അവരുമായി സംസാരിക്കാനിരുന്നത്. കൂടാതെ അവർക്കൊപ്പം നിലത്തിരുന്ന് ലളിതമായ ഉച്ചഭക്ഷണം പങ്കുവെക്കുകയും ചെയ്തു.
ദൈനംദിന ജീവിതത്തിൽ നേരിടുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ചാണ് ഡ്രൈവർമാർ പ്രതിപക്ഷ നേതാവിനോട് സംസാരിച്ചത്. ഗ്യാസ് വില വർദ്ധനവ് ഉൾപ്പെടെയുള്ള കടുത്ത വിലക്കയറ്റം തങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതായി ഓട്ടോ ഡ്രൈവർ അരിന്ദർ കുമാർ ഷാ വ്യക്തമാക്കി. ബിസിനസ്സ് വളരെ പതുക്കെയാണ് മുന്നോട്ട് പോകുന്നതെന്ന് മറ്റൊരു ഡ്രൈവറായ രമേഷ് പ്രസാദും രാഹുലിനെ അറിയിച്ചു. ഡ്രൈവർമാരുടെ വരുമാനം, കുട്ടികളുടെ വിദ്യാഭ്യാസം, ഇൻഷുറൻസ്, ദൈനംദിന ജീവിതം എന്നിവയെക്കുറിച്ചെല്ലാം രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു.



