ഞങ്ങൾക്ക് ജീവനുള്ളപ്പോൾ ഒരു പൊലീസുകാരനും പാർട്ടി ഓഫീസിൽ കയറില്ല…. പൊലീസിന് കടുത്ത മുന്നറിയിപ്പുമായി വി ജോയ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ കനത്ത അക്രമത്തിലും തുടർന്നുണ്ടായ പൊലീസ് നടപടിയിലും കടുത്ത പ്രതികരണവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. അക്രമം നടത്തിയ പ്രതികളെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ അതിന്റെ പേരിൽ പാർട്ടി ഓഫീസിൽ കയറാൻ പൊലീസിനെ അനുവദിക്കില്ലെന്നും വി ജോയ് വ്യക്തമാക്കി.
പ്രതികൾ പാർട്ടി ഓഫീസിനുള്ളിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് പൊലീസിന്റെ നിലപാട്. എന്നാൽ ഇതിനെതിരെയാണ് വി ജോയ് കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. ഡി വാഹനങ്ങൾക്ക് നേരെ നടന്ന അക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് വി ജോയിയുടെ വാദം. ഇഡി ആക്രമണത്തിൽ ഉണ്ടായിരുന്നത് പാർട്ടി പ്രവർത്തകർ അല്ലെന്നും പിണറായി വിജയനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സ്നേഹിക്കുന്ന ആരാധകരാണെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുണ്ടായ വലിയൊരു ജനക്കൂട്ടത്തെ (മോബ്) തടയാൻ തങ്ങൾക്ക് കഴിഞ്ഞില്ല. അല്ലാതെ പാർട്ടി പ്രവർത്തകർ നേരിട്ട് ആഹ്വാനം ചെയ്ത് നടത്തിയ അക്രമമല്ലിത്. പാർട്ടി പ്രവർത്തകർ അക്രമാസക്തരായപ്പോൾ അവരെ നേരത്തെ തന്നെ പാർട്ടി ഓഫീസിലേക്ക് പറഞ്ഞുവിട്ടിരുന്നുവെന്നും വി ജോയ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ പിണറായി വിജയന്റെ വീട്ടിൽ നിന്ന് റെയ്ഡ് കഴിഞ്ഞ് ഇഡി ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് വൻ ജനക്കൂട്ടം ആക്രമാസക്തരായത്. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം നാലംഗ ഇഡി സംഘത്തിനും അവർക്ക് സുരക്ഷയൊരുക്കിയ എട്ടംഗ സിആർപിഎഫ് സംഘത്തിനും നേരെയാണ് പരക്കെ ആക്രമണമുണ്ടായത്. പ്രതിഷേധക്കാർ ഇഡി ഉദ്യോഗസ്ഥരുടെ കാറുകളുടെ ചില്ലുകൾ പൂർണ്ണമായും അടിച്ചുതകർത്തു. ആക്രമണത്തിൽ ഇഡി സംഘം സഞ്ചരിച്ച ടാക്സി കാറിന്റെ ഡ്രൈവറായ ശ്രീകാര്യം സ്വദേശി ശ്യാമിന് കണ്ണിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കനത്ത കൂക്കിവിളികളോടെയാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്. സംഘർഷത്തിൽ തകർന്ന വാഹനങ്ങൾ നിലവിൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.




