കേരളത്തിൽ വാഹന രജിസ്ട്രേഷൻ കുത്തനെ കുറയുന്നു…. അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി സി.പി. ജോൺ

സംസ്ഥാനത്ത് മോട്ടോർവാഹന വകുപ്പിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻതോതിൽ കുറവുവരുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി യഥാർത്ഥ കാരണം കണ്ടെത്താനും, സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടം ഇല്ലാതാക്കാനും അടിയന്തര നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മോട്ടോർവാഹന വകുപ്പിന് കീഴിൽ കണ്ടനകത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രജിസ്‌ട്രേഷനിൽ 30 ശതമാനത്തിന്റെ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് 10 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്ത് നിലവിത് ഏഴുലക്ഷമായി ചുരുങ്ങി. പാലക്കാട് ജില്ലയിലും 10 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. കേരളത്തിൽ വാങ്ങുന്ന വണ്ടികൾ നികുതി വെട്ടിക്കുന്നതിനായി നാഗാലാൻഡ് പോലുള്ള മറ്റ് സംസ്ഥാനങ്ങളിലാണ് കൊണ്ടുപോയി രജിസ്റ്റർ ചെയ്യുന്നതെന്നാണ് പ്രാഥമിക വിവരം.

മലപ്പുറത്തെ ആർ.ടി.എ. ഓഫീസുകളിൽ നിലവിൽ വലിയ ജോലിത്തിരക്കുണ്ടെന്നും എന്നാൽ അതിനനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ ഓഫീസുകളിൽ കുറവാണെന്നും മന്ത്രി സമ്മതിച്ചു. വർഷത്തിൽ ഏകദേശം 7,335 കോടി രൂപ സർക്കാരിന് വരുമാനമായി നേടിക്കൊടുക്കുന്ന വലിയ വകുപ്പാണിത്. ഇതിന്റെ ചെറിയൊരു ശതമാനം തുക തിരിച്ചുതന്നാൽ തന്നെ അത്യാധുനിക സൗകര്യങ്ങളുള്ള നല്ല ഓഫീസുകൾ നിർമ്മിക്കാൻ സാധിക്കും. ഇതൊരു പ്രത്യേക പ്രോജക്ടായി ഏറ്റെടുത്ത് ജില്ലാ ആസ്ഥാനങ്ങളിലെ ഓഫീസുകൾ നന്നാക്കാനും കൂടുതൽ പരിശീലനങ്ങൾ നൽകാനുമുള്ള സംവിധാനമൊരുക്കും. കൂടാതെ, നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ നിലവിൽ യാർഡുകളുടെ അഭാവമുണ്ട്. ഈ പ്രശ്നവും ഘട്ടംഘട്ടമായി പരിഹരിക്കുമെന്നും ഇതോടെ വകുപ്പിന്റെ വരുമാനം ഇനിയും വർധിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button