ഓട്ടോറിക്ഷയിൽ സഹയാത്രികരായി തന്ത്രപൂർവ്വം കയറി…. വയോധികയുടെ രണ്ടര പവൻ മാല കവർന്ന നാടോടി സ്ത്രീകൾ കൊട്ടാരക്കരയിൽ പിടിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ ഓട്ടോറിക്ഷാ യാത്രയ്ക്കിടെ വയോധികയുടെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ സ്വർണമാല കവർന്ന നാടോടി സ്ത്രീകൾ പിടിയിൽ. തമിഴ്‌നാട്ടിലെ തിരുനെൽവേലി തൂത്തുക്കുടി അണ്ണാനഗർ സ്വദേശികളായ കല്യാണി (45), പാർവ്വതി (26) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് സസ്‌പെൻസ് നീക്കങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വാളകത്തുവെച്ചായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള ഈ മോഷണശ്രമം നടന്നത്.

വാളകം അണ്ടൂർ സ്വദേശിനിയായ വയോധിക വാളകം മാർക്കറ്റിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനായി വയോധിക ഒരു ഓട്ടോറിക്ഷ വിളിച്ചു. ഇതിലേക്ക് പ്രതികളിൽ ഒരാളായ കല്യാണി ആദ്യം കയറി ഇരുന്നു. തുടർന്ന് കൂട്ടാളിയായ പാർവ്വതി വയോധികയെ തന്ത്രപൂർവ്വം ഇതേ ഓട്ടോറിക്ഷയിൽ തന്നെ കയറ്റിവിട്ടു. യാത്രയ്ക്കിടെ ഓട്ടോറിക്ഷയ്ക്കുള്ളിലെ തിരക്ക് മുതലെടുത്ത് ഇരുവരും ചേർന്ന് വയോധികയുടെ കഴുത്തിൽ കിടന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല കവരാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ വയോധിക ഉടൻ തന്നെ സമയോചിതമായി പൊലീസിൽ വിവരം അറിയിച്ചു.

വിവരം ലഭിച്ചയുടൻ കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിജുകുമാർ പി.ഡി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ വലയിലാക്കുകയായിരുന്നു. എസ്.ഐമാരായ പങ്കജ് കൃഷ്ണ, ലയമോൾ, ആതിര, എ.എസ്.ഐ ശ്രീജ, എസ്.സി.പി.ഒ രാജി, ശുഭ, അസർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ കല്യാണിക്കും പാർവ്വതിക്കും എതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിലുള്ള നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button