പത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാ ലംഘനം…. ശ്രീകോവിലിലെ വജ്രാഭരണവും സ്വർണ്ണവും കാണാനില്ല…. ‘വിഐപി’കൾക്ക് നേരെ വിരൽ ചൂണ്ടി ഡിജിപിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: ലോകപ്രസിദ്ധമായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയും വിലപിടിപ്പുള്ള അമൂല്യവസ്തുക്കളുടെ കാണാതാകലും സ്ഥിരീകരിച്ച് പോലീസിന്റെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട്. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന അതീവ മൂല്യമുള്ള വജ്രാഭരണമായ ‘വൈര നാമം’ കാണാനില്ലെന്നാണ് ഡി.ജി.പി ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്. ഭക്തർ വഴിപാടായി നൽകിയ സ്വർണ്ണത്തിൽ ഒരു പങ്കും ക്ഷേത്രത്തിലെ വിലപ്പെട്ട സ്വർണ്ണവിളക്കും കാണാതായിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ രാജ്യം ഉറ്റുനോക്കുന്ന ക്ഷേത്രത്തിന്റെ സുരക്ഷ വീണ്ടും വലിയ ചർച്ചയാവുകയാണ്.
സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി എ.ഡി.ജി.പി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഈ രഹസ്യ റിപ്പോർട്ട് സമർപ്പിച്ചത്. ഇന്റലിജൻസ് എ.ഡി.ജി.പി നൽകിയ അതീവ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2026 മെയ് 15-നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ കാണാതാകലിന് പിന്നിൽ അനധികൃതമായി എത്തുന്ന ‘വി.ഐ.പി’കളാണെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. ചിലർ തങ്ങളുടെ സ്വാധീനവും പദവികളും ഉപയോഗിച്ച് ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണമായി അട്ടിമറിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോലീസ് സുരക്ഷ കാറ്റിൽപ്പറത്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന അത്തരം പ്രമുഖരുടെ ഒരു കൃത്യമായ പട്ടികയും ഡി.ജി.പി റിപ്പോർട്ടിനൊപ്പം ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.
ഭക്തർ വഴിപാടായി സമർപ്പിച്ച ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ ക്ഷേത്രത്തിൽ നിന്ന് കാണാതായിട്ടുണ്ട്. കൂടാതെ, അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണ്ണവിളക്ക് ഇതുവരെയും ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിച്ചിട്ടില്ല. ക്ഷേത്രത്തിലെ പ്രധാന പ്രവേശന കവാടമായ ‘ചെമ്പകത്തുമൂട്’ ഗേറ്റിലെ നിർബന്ധിത സുരക്ഷാ പരിശോധനകൾ ചില ജീവനക്കാരും, സുരക്ഷാ ഉദ്യോഗസ്ഥരും, രാജകുടുംബവുമായി അടുത്ത ബന്ധമുള്ളവരും നിരന്തരം ലംഘിക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇവർ യാതൊരുവിധ പരിശോധനകളുമില്ലാതെയാണ് ക്ഷേത്രത്തിൽ സ്ഥിരമായി കയറിയിറങ്ങുന്നത്. ഇത്തരം സുരക്ഷാ ലംഘനം നടത്തുന്ന ചില വ്യക്തികളെ റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. എന്നിവയാണ് പോലീസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കാൻ പോലീസ് സർക്കാരിനോട് ശിപാർശ ചെയ്തിട്ടുണ്ട്. നിലവറകൾക്ക് പുറത്ത്, നിലവിൽ ട്രഷററുടെ ഓഫീസിലോ വാഹന ഷെഡുകളിലോ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി കർശന സുരക്ഷയുള്ള ഒരു ‘സെൻട്രലൈസ്ഡ് സ്ട്രോങ് റൂമിലേക്ക്’ മാറ്റണം. ഭക്തരിൽ നിന്ന് ലഭിക്കുന്ന സ്വർണ്ണവും മറ്റ് അമൂല്യ വഴിപാടുകളും ലഭിക്കുന്ന നിമിഷം തന്നെ കൃത്യമായി രേഖപ്പെടുത്തുകയും, പോലീസിന്റെ പൂർണ്ണ നിരീക്ഷണത്തിലുള്ള പ്രത്യേക ലോക്കറുകളിൽ സൂക്ഷിക്കുകയും വേണം. ഏറ്റവും പ്രധാനമായി, സുരക്ഷാ പരിശോധനകൾ മറികടക്കുന്നതിനോട് ഇനി യാതൊരു വിട്ടുവീഴ്ചയും പാടില്ല. വ്യക്തികളുടെ പദവിയോ, രാജകുടുംബവുമായുള്ള ബന്ധങ്ങളോ, സ്വാധീനമോ നോക്കാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാവരെയും നിർബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് റിപ്പോർട്ടിൽ കർശനമായി ആവശ്യപ്പെടുന്നു.



