‘ഈ അടിയൊന്നും പുത്തരിയല്ല സാറേ, ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ട’…. പോലീസിനും സതീശൻ സർക്കാരിനുമെതിരെ ആഞ്ഞടിച്ച് എസ്.എഫ്.ഐ

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലെ എസ്.എഫ്.ഐയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെയുണ്ടായ ആഹ്ലാദ പ്രകടനത്തിന് നേരെ നടന്ന പോലീസ് ലാത്തിച്ചാർജ്ജിൽ സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നു എന്ന് കരുതി തങ്ങൾക്ക് ഇവിടെ ജീവിക്കേണ്ടേയെന്നും, മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നതെന്നും നേതാക്കൾ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കെ.എസ്.യു ആവശ്യപ്പെട്ടതനുസരിച്ചാണ് വി.ഡി. സതീശന്റെ കീഴിലുള്ള ആഭ്യന്തരവകുപ്പും പോലീസും എസ്.എഫ്.ഐ പ്രവർത്തകരെ തല്ലിച്ചതച്ചതെന്ന് നേതാക്കൾ ആരോപിച്ചു.

“എസ്.എഫ്.ഐക്കാർക്കെതിരെ തിണ്ണമിടുക്ക് കാണിക്കാൻ കെ.എസ്.യു വരേണ്ട. ഞങ്ങൾ ക്യാമ്പസുകളിൽ കൃത്യമായി പണിയെടുത്താണ് വിജയിച്ചത്, അല്ലാതെ ഗ്രൂപ്പ് കളിച്ചിട്ടല്ല. ഞങ്ങളുടെ ഒരു വിദ്യാർത്ഥിയെപ്പോലും തൊടാൻ അനുവദിക്കില്ല. ഈ അടിയൊന്നും ഞങ്ങൾക്ക് പുത്തരിയല്ല സാറേ… നേതാക്കൾ വീണുപോയാൽ കേരളത്തിൽ സമരം ഏറ്റെടുക്കാൻ ലക്ഷക്കണക്കിന് പ്രവർത്തകർ പിന്നാലെയുണ്ടാകും. ആഭ്യന്തര മന്ത്രിയുടെ അടുക്കളയിൽ പണിയെടുത്താണ് ഇന്നലെ പോലീസുകാർ ഞങ്ങളെ തല്ലിച്ചതച്ചത്. ആ ദേഷ്യം എസ്.എഫ്.ഐയുടെ നെഞ്ചിൽ തീർക്കേണ്ട. വി.ഡി സതീശന്റെ സമര ഗേറ്റ് രമേശ് ചെന്നിത്തല തന്നെ പൂട്ടിച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്.” — എസ്.എഫ്.ഐ നേതാവ് എം. ശിവപ്രസാദ് പറഞ്ഞു.

സർവകലാശാല സെനറ്റിൽ എസ്.എഫ്.ഐ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിന് നേരെ പോലീസിന്റെ ഒത്താശയോടെ കെ.എസ്.യു പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്ന് എസ്.എഫ്.ഐ നേതാവ് പി.എസ്. സഞ്ജീവ് ആരോപിച്ചു. കെ.എസ്.യുക്കാരുടെ അക്രമത്തെ പ്രതിരോധിച്ചതിനാണ് പോലീസ് ഞങ്ങളുടെ പ്രവർത്തകരുടെ കൈ തല്ലിയൊടിച്ചത്. കെ.എസ്.യുവിന്റെ ഗുണ്ടാസംഘമായി പോലീസ് പൂർണ്ണമായി മാറി കഴിഞ്ഞു. ഞങ്ങൾ ഏത് പൊതുമുതലാണ് നശിപ്പിച്ചത്? വിദ്യാർത്ഥികൾക്ക് നേരെ ഇന്നലെ അഞ്ച് റൗണ്ടാണ് പോലീസ് ഗ്രനേഡ് പൊട്ടിച്ചത്. ഇത് അരാജക സമരമല്ല, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഞങ്ങളെ നന്നായി പോലീസുകാർ ഓർത്തുവെച്ചോളൂ, നാളെ നിങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഓടിയെത്താൻ ഈ മുഖങ്ങൾ മാത്രമേ കാണൂ. സംഘപരിവാറിനെതിരെ എസ്.എഫ്.ഐ സമരം ചെയ്യുമ്പോൾ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖരനല്ല, മറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് പൊള്ളുന്നതെന്ന് സഞ്ജീവ് പരിഹസിച്ചു. വിദ്യാർത്ഥിവിഷയങ്ങൾ ഏറ്റെടുക്കുന്ന എസ്.എഫ്.ഐയെ ചോരയിൽ മുക്കിക്കൊല്ലാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ, അത്തരം നിരവധി അടിച്ചമർത്തലുകളെ മറികടന്ന് തന്നെയാണ് ഈ പ്രസ്ഥാനം വളർന്നു വന്നിട്ടുള്ളതെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.

Related Articles

Back to top button