ശരീരത്തിനുള്ളിൽ സൂചി കുടുങ്ങിയ സംഭവം…. ഡി.എം.ഒയുടെ റിപ്പോർട്ട് തള്ളിയ ആരോഗ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് പരാതിക്കാരി വത്സല

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഗുരുതരമായ ചികിത്സാ പിഴവ് മറച്ചുവെക്കാൻ ശ്രമിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് തള്ളിയ ആരോഗ്യമന്ത്രി രാജ്‌മോഹൻ ഉണ്ണിത്താന്റെ നിലപാടിനെ സ്വാഗതം ചെയ്ത് പരാതിക്കാരിയായ വത്സല രംഗത്ത്. ആശുപത്രി അധികൃതരുടെ വീഴ്ചകൾക്ക് കുടപിടിക്കുന്ന രീതിയിലായിരുന്നു ഡി.എം.ഒയുടെ ആദ്യ റിപ്പോർട്ട്.

എന്നെ കൊല്ലാൻ വേണ്ടിയാണോ ആശുപത്രി അധികൃതർ ഇങ്ങനെ ചെയ്തത്? ആരോഗ്യമന്ത്രി ഇപ്പോൾ ഡി.എം.ഓയുടെ റിപ്പോർട്ട് തള്ളിക്കൊണ്ട് സ്വീകരിച്ച നിലപാട് ഏറ്റവും നല്ല കാര്യമാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വെച്ച് തന്നെയാണ് തന്റെ ശരീരത്തിനുള്ളിൽ സൂചി കയറിയത്. അവിടെ ചികിത്സയ്ക്ക് പോയതിന്റെയും കുത്തിവെപ്പ് എടുത്തതിന്റെയും എല്ലാ രേഖകളും തെളിവുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണിച്ചതാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആശുപത്രിയെ ന്യായീകരിച്ച് റിപ്പോർട്ട് നൽകിയതെന്ന് മനസ്സിലാകുന്നില്ല. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം, സർക്കാർ എനിക്ക് അർഹമായ നഷ്ടപരിഹാരം നൽകണം.— പരാതിക്കാരി വത്സല

ഡി.എം.ഓ ആരെ സംരക്ഷിക്കാനാണ് പിഴവില്ലെന്ന് റിപ്പോർട്ട് നൽകിയതെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ചോദ്യമുന്നയിച്ചു.

മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്തുണ്ടായ ചികിത്സാ പിഴവ് ആരോപണങ്ങളിൽ ഉൾപ്പെടെ, പരാതിക്കാർ ആവശ്യപ്പെടുകയാണെങ്കിൽ അത്തരം കേസുകളിൽ പുനരന്വേഷണം നടത്താൻ സർക്കാർ തയ്യാറാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഈ പ്രഖ്യാപനത്തിന് പിന്നാലെ നീതി തേടി കൂടുതൽ പരാതിക്കാർ സർക്കാരിന് മുന്നിലേക്ക് എത്തുകയാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ എന്ന യുവതി നീതി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഈ വീഴ്ച കാരണം ഇപ്പോഴും താൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുകയാണെന്നും ഇതിന് കാരണക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.

Related Articles

Back to top button