സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനങ്ങൾക്കായി പുതിയ ഫണ്ട്; 240 കോടി രൂപ അനുവദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനങ്ങൾക്കായി 240 കോടി രൂപ കൂടി അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഈ തുക ഉടൻ തന്നെ ലഭ്യമാക്കുമെന്ന് കേന്ദ്രം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ ആവശ്യത്തിനായി 92 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.
സമഗ്ര ശിക്ഷാ കേരളയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കായി മൊത്തം 1065 കോടി രൂപയാണ് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ 240 കോടി രൂപ കൂടി അനുവദിക്കാൻ കേന്ദ്രം സന്നദ്ധമായിരിക്കുന്നത്. പ്രധാനമായും ‘സ്റ്റാർസ്’ പദ്ധതിയുടെ കീഴിലുള്ള വിഹിതവും, ‘റൈറ്റ് ടു എജുക്കേഷൻ’ പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ള തുകയുമാണ് ഇപ്പോൾ ലഭ്യമാകുന്നത്.
ഈ പുതിയ ഫണ്ട് അനുവദിക്കുന്നതോടെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ഗുണമേന്മയുള്ള പഠന അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും കൂടുതൽ ഊർജിതമാക്കാൻ സംസ്ഥാനത്തിന് സാധിക്കും. ഫണ്ട് അടിയന്തരമായി ലഭ്യമാക്കുന്നതിലൂടെ പദ്ധതികളുടെ നടത്തിപ്പിലുണ്ടായിരുന്ന തടസങ്ങൾ നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



