ഗുൽമാർഗിൽ കേബിൾ കാറിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു; കുടുങ്ങിയവരിൽ മലയാളികളും? രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മുകശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാറിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. മുന്നൂറോളം വിനോദ സഞ്ചാരികൾ ഇത്തരത്തിൽ കേബിൾ കാറുകളിൽ കുടുങ്ങിയതായാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സാങ്കേതിക തകരാർ മൂലം കേബിൾ കാറുകൾ നിശ്ചലമായത്. വലിയ ഉയരത്തിലാണ് കേബിൾ കാറുകൾ ഉള്ളത് അതുകൊണ്ട് തന്നെ അതിലുള്ള യാത്രക്കാരെ പുറത്തിറക്കുക എന്നത് പ്രയാസമാണ്. സ്ഥലത്ത് എൻഡിആർഎഫ് അടക്കം എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അൻപതോളം ആളുകളെ പുറത്തെത്തിച്ചിട്ടുണ്ട്. കേബിൽ കാറിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന
ജമ്മുകശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ഗുൽമാർഗ്. ഇവിടെ നിലവിൽ കനത്ത മഞ്ഞുവീഴ്ചയാണ്. അതുകൊണ്ടു തന്നെ ആളുകളെ പുറത്തെത്തിക്കാനുള്ള നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത്. എന്നാൽ കേബിൾ കാറുകൾ അപകടത്തിൽപ്പെടാൻ സാധ്യതയില്ലെന്നും ആളുകൾ സുരക്ഷിതരാണെന്നുമാണു ബന്ധപ്പെട്ടവർ പറയുന്നത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
സർക്കാർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ‘കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുന്ന സഞ്ചാരികൾ സുരക്ഷിതരാണ്. ആളുകളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്’’ എന്നാണ് ഒമർ അബ്ദുള്ള പ്രതികരിച്ചത്.



