സ്കൂൾ ബസ് ഡ്രൈവർമാർക്ക് 10 വർഷത്തെ പരിചയം നിർബന്ധം… വനിതാ അറ്റൻഡന്റും സിസിടിവിയും വേണം…. വിദ്യാഭ്യാസ വകുപ്പിന്റെ കർശന സർക്കുലർ

തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഇനി മുതൽ പത്തുവർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് ഔദ്യോഗിക സർക്കുലർ അയച്ചു. ഡ്രൈവർമാരും മറ്റ് ജീവനക്കാരും അധ്യയന വർഷത്തിന്റെ പകുതിക്കുവെച്ച് ജോലി ഉപേക്ഷിച്ചു പോകുന്നത് തടയാൻ, ഇവരെ ഒരു അധ്യയന വർഷത്തേക്ക് പൂർണ്ണമായി കരാർ അടിസ്ഥാനത്തിൽ മാത്രമേ നിയമിക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

കുട്ടികളുടെ സുരക്ഷ മുൻനിർത്തി ജീവനക്കാരുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് കേസുള്ളവർ, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ, ഗുരുതരമായ രീതിയിൽ ഗതാഗത നിയമലംഘനം നടത്തിയ ചരിത്രമുള്ളവർ എന്നിവരെ ഒരു കാരണവശാലും സ്കൂൾ വാഹനങ്ങളിൽ ജോലിക്കായി നിയോഗിക്കാൻ പാടില്ല. പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് മുൻപായി അവർക്ക് എതിരെ കേസുകളൊന്നുമില്ലെന്ന് ഉറപ്പാക്കുന്ന പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്കൂൾ അധികൃതർ വാങ്ങിയിരിക്കണം.

ബസിൽവേണം വനിതാ അറ്റൻഡന്റുമാർ….

  • എൽ.കെ.ജി., യു.കെ.ജി., പ്രൈമറി തലത്തിലുള്ള കുട്ടികൾ യാത്രചെയ്യുന്ന ബസുകളിൽ പരിശീലനംലഭിച്ച വനിതാ അറ്റൻഡന്റുമാരെ നിയോഗിക്കണം.
  • കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യംചെയ്യൽ, അപകടമുണ്ടായാൽ പ്രഥമശുശ്രൂഷ നൽകൽ തുടങ്ങിയവയിൽ വാഹനങ്ങളിലെ ജീവനക്കാർക്ക് പരിശീലനംനൽകണം.
  • സ്‌കൂൾ വാഹനങ്ങളിൽ സി.സി.ടി.വി.യും വേഗമാനകവും സ്ഥാപിക്കണം. പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഉറപ്പാക്കണം.
  • മോട്ടോർ വാഹനവകുപ്പിന്റെ വിദ്യാവാഹൻ ആപ്പ് വഴി രക്ഷിതാക്കൾക്ക് ലൈവ് ലൊക്കേഷൻ ലഭ്യമാക്കണം.
  • വാഹനങ്ങളുടെ ഫിറ്റ്നസ് മൂന്നുമാസത്തിലൊരിക്കൽ പരിശോധിക്കണം.

Related Articles

Back to top button