പിണറായിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവം; നിർണായക വിവരങ്ങൾ തിരുത്തി, കേസ് ഡയറിയുടെ പകർപ്പ് പുറത്ത്

ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചതിൽ ആദ്യത്തെ കേസ് ഡയറിയുടെ പകർപ്പ്. ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ അടക്കമുള്ളവർ മർദിച്ചെന്ന് കേസ് ഡയറിയിൽ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യവും അടിച്ച ആയുധവും കണ്ടെത്തണമെന്നും കേസ് ഡയറിയിൽ പറയുന്നുണ്ട്. ഡയറി പെൻഡ്രൈവിലാക്കി എംആർ അജിത് കുമാറിൻ്റെ ഓഫീസിൽ നൽകിയെന്നാണ് ആദ്യ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. ഈ നിർണായക വിവരങ്ങളാണ് പിന്നീട് തിരുത്തിയത്.

അതേസമയം, യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച കേസിൽ പിണറായി വിജയൻ്റെ ഗൺമാൻ അനിൽ കല്ലിയൂർ അടക്കം അഞ്ച് പ്രതികൾക്കെതിരെ വധശ്രമമടക്കം ഗുരുതര വകുപ്പുകൾ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചുമത്തിയേക്കും. വകുപ്പുതല നടപടിക്കും എസ്ഐടി ഉടൻ ശുപാ‌ർശ നൽകും. അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് എസ്ഐടി നാളെ ഡിജിപിക്ക് സമർപ്പിക്കും. കേസ് അട്ടിമറിച്ചെന്ന് ആക്ഷേപം നേരിടുന്ന എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണവും അന്വേഷണ പരിധിയിലേക്ക് എത്തും.

കരിങ്കൊടി പ്രതിഷേധത്തിനിടെ ലോക്കൽ പൊലീസിൻ്റെ വലയത്തിലിരിക്കെയാണ് എ ഡി തോമസ് അടക്കമുള്ള കെഎസ്‍യു, യൂത്ത് കോൺ​ഗ്രസ് പ്രവ‍ർത്തകരെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽനിന്ന് ഇറങ്ങിവന്ന ​ഗൺമാനും മറ്റ് പൊലീസുകാരും ലാത്തികൊണ്ട് തലയ്ക്ക് അടിച്ചതെന്ന് എസ്ഐടിക്ക് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വധശ്രമം അടക്കമുള്ള ​ഗുരുതര വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താൻ സാധ്യതയേറുന്നത്. മർദനമേറ്റ എ ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി എസ്ഐടി കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോഗ്രാഫറുടെയും മൊഴി രേഖപ്പെടുത്തിയ എസ്ഐടി, സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ ​ദൃശ്യങ്ങളും പരിശോധിച്ചു.

Related Articles

Back to top button