കൊച്ചി മനുഷ്യക്കടത്ത് കേസ്…. സെക്‌സ് റാക്കറ്റ് തുടങ്ങിയത് 5 വർഷം മുൻപ്…. ബിലാലിന്റെ ഫോണിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ…. നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: മോഡലിങ്ങിന്റെയും ജോലി വാഗ്ദാനങ്ങളുടെയും മറവിൽ കൊച്ചിയിൽ നിന്നും വിദേശത്തേക്ക് മനുഷ്യക്കടത്തും ലൈംഗിക പീഡനവും നടത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അഞ്ചുവർഷം മുൻപ് കോവിഡ് കാലത്തിന് ശേഷമാണ് ദുബായ് കേന്ദ്രീകരിച്ച് ഈ സെക്‌സ് റാക്കറ്റ് പ്രവർത്തനം തുടങ്ങിയതെന്ന് പോലീസ് അന്വേഷണസംഘം കണ്ടെത്തി. കേസിൽ അറസ്റ്റിലായ, ‘ബിലാൽ’ എന്നറിയപ്പെടുന്ന ശ്രീകുമാറിന്റെ മൊബൈൽ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു. ഇവരെല്ലാം ചതിയിൽപ്പെട്ട് വിദേശത്തേക്ക് കടത്തപ്പെട്ടവരാണോ എന്ന് ഉറപ്പാക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പ്രധാന പ്രതികളായ സിന്ധു, ശ്രീകുമാർ (ബിലാൽ) എന്നിവരുടെ മൊഴികളിൽ നിന്നും ഇവരുടെ ആസൂത്രിതമായ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസിന് വ്യക്തമായ ചിത്രം ലഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് ദുബായിൽ എത്തിക്കുന്ന യുവതികളെ പ്രതികൾ അന്യായമായി തടങ്കലിൽ പാർപ്പിക്കും. തുടർന്ന് ഇവരുടെ ചിത്രങ്ങളെടുത്ത് ആവശ്യക്കാർക്ക് അയച്ചുകൊടുത്ത് ലക്ഷങ്ങളുടെ ഡീലുകൾ ഉറപ്പിക്കും. ഇവിടെയെത്തുന്ന ആവശ്യക്കാർ യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണ് പതിവ്. ഈ പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, അത് കാണിച്ച് വീണ്ടും ഭീഷണിപ്പെടുത്തി നിരന്തരം പീഡനം തുടരും. സെക്‌സ് റാക്കറ്റ് ആരംഭിച്ച് പണം സമ്പാദിച്ച ശേഷമാണ് സിന്ധുവിന്റെ നേതൃത്വത്തിൽ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങിയത്. ഈ കമ്പനിയുടെ മറവിലായിരുന്നു പിന്നീട് ചിട്ടയായ മനുഷ്യക്കടത്ത്.

സിന്ധുവിന്റെ കമ്പനിയിലേക്ക് പെൺകുട്ടികളെ എത്തിക്കുന്ന പ്രധാന ‘സപ്ലൈ ഏജന്റ്’ ആയിരുന്നു ശ്രീകുമാർ. പെൺകുട്ടികളെ എത്തിക്കുന്നതിന് അനുസരിച്ച് ഇയാൾക്ക് വൻ തുകകൾ കൈമാറിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഒട്ടനവധി സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളുമാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. പ്രതികൾ തമ്മിൽ ലക്ഷക്കണക്കിന് രൂപയുടെ ബാങ്കിടപാടുകൾ നടന്നിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കൊച്ചിയിലെ പ്രമുഖ ഗുണ്ടാ നേതാവായ ഔറംഗസേബിന് സിന്ധു വൻതോതിൽ പണം കൈമാറിയിട്ടുണ്ടെന്നും ഇതിന്റെ കാരണങ്ങളെന്തെന്നും പോലീസിന് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിന് പുറത്തുനിന്നുള്ള പെൺകുട്ടികളും ഇവരുടെ ചതിക്കുഴിയിൽ വീണിട്ടുണ്ടെന്നാണ് വിവരം. കേസിലെ മറ്റ് പ്രധാന പ്രതികളായ റഹ്‌മത്ത്, ഷംല എന്നിവർ നിലവിൽ വിദേശത്താണ്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു. നിലവിൽ റിമാൻഡിലുള്ള സിന്ധുവിനെയും ശ്രീകുമാറിനെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായി പോലീസ് അടുത്ത ആഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.

Related Articles

Back to top button