മന്ത്രി കെ.എം. ഷാജിയെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ‘വർഗീയവാദി’ എന്ന് അധിക്ഷേപിച്ചു….. പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കാസർഗോഡ്: മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വർഗീയ അധിക്ഷേപം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുകയും കെ.എം. ഷാജി മന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ വിവാദ പരാമർശം. കാസർഗോഡ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ‘POLICE FRIENDS’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയതിനെ തുടർന്നാണ് അടിയന്തര നടപടി.

സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സി.പി.ഒ സുജിത് ഗ്രൂപ്പിലിട്ട സന്ദേശത്തിലെ പൂർണ്ണരൂപം. സത്യപ്രതിജ്ഞാ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യു.ഡി.എഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്‌ക്കരിച്ചിരുന്നു. അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുംവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്ത് നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്‌ക്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്‌നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ… ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ…നീ നിന്ന് വിറക്കാൻ പോകുന്നതേയുള്ളൂ.

ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ പരസ്യമായി ഒരു മന്ത്രിക്കെതിരെ രാഷ്ട്രീയവും വർഗീയവുമായ പരാമർശങ്ങൾ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്താനും നിലവിലെ മന്ത്രിയെ വ്യക്തിഹത്യ ചെയ്യാനും പോലീസ് ഗ്രൂപ്പ് ഉപയോഗിച്ചതിനെതിരെ സേനയ്ക്കുള്ളിൽ തന്നെ വിയോജിപ്പുകൾ ഉയർന്നിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുജിത്തിനെതിരെ വകുപ്പുതലത്തിൽ കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button