പിണറായിക്കും എം.വി. ഗോവിന്ദനുമെതിരെ ഏരിയാ കമ്മിറ്റികളിൽ രൂക്ഷവിമർശനം….. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ ആവശ്യം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.ഐ.എമ്മിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ആഭ്യന്തര പ്രക്ഷോഭവും വിമർശനങ്ങളും കടുക്കുന്നു. മലബാറിലെ വിവിധ ഏരിയാ കമ്മിറ്റി യോഗങ്ങളിലാണ് പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് അംഗങ്ങൾ കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടർന്നാൽ അടുത്ത തവണയും പാർട്ടിക്ക് ഭരണത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്നാണ് കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഏരിയാ കമ്മിറ്റികളിലും ഉയർന്ന പൊതുവികാരം.
കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് ടൗൺ, കൊയിലാണ്ടി, കുന്ദമംഗലം എന്നീ ഏരിയാ കമ്മിറ്റി യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ ആക്രമണമുണ്ടായത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉണ്ടായ ‘ഡാഷ് മോൻ’ പരാമർശം ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ പാർട്ടിക്ക് ഈ ദയനീയ പരാജയം ഉണ്ടാകുമായിരുന്നില്ലെന്നും കാമ്പയിൻ രീതികൾ പാടെ പാളിയെന്നും യോഗങ്ങളിൽ വിമർശനമുയർന്നു.
പി. ജയരാജൻ കൂടി പങ്കെടുത്ത തൃക്കരിപ്പൂരിലെ യോഗത്തിലാണ് പാർട്ടിയെ അടിത്തട്ടിൽ നിന്നും തിരിച്ചുപിടിക്കാൻ ജനകീയ മുഖങ്ങളായ കെ.കെ. ശൈലജയും പി. ജയരാജനും സംസ്ഥാന നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ശക്തമായി ഉയർന്നത്. ഔദ്യോഗിക നേതൃത്വത്തിന് ജനങ്ങളിലുള്ള സ്വാധീനം നഷ്ടപ്പെട്ട സാഹചര്യത്തിൽ പാർട്ടിയിൽ അടിയന്തര ശുദ്ധീകരണം വേണമെന്നാണ് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ ആവശ്യം. അതേസമയം, പാർട്ടി കമ്മിറ്റികളിൽ ഉയർന്നുവരുന്ന കടുത്ത ആഭ്യന്തര വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നതായി ജോൺ ബ്രിട്ടാസ് എം.പി. പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ജനാധിപത്യപരമായ തിരുത്തൽ പ്രക്രിയകൾ നടക്കുന്നുണ്ടെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.



