‘ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല…. ചുവപ്പിനെ പ്രണയിച്ച് മുന്നോട്ട്’….. നിലപാട് വ്യക്തമാക്കി കെ.ടി ജലീൽ

കൊച്ചി: താനുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം തനിക്കിനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മുസ്ലിം ലീഗ് എന്റേയും കൂടി പാർട്ടിയാണ്, അവർ തിരിച്ചുവിളിച്ചാൽ ഞാൻ പോകാൻ തയ്യാറാണ്’ എന്ന് കെ.ടി ജലീൽ പറഞ്ഞുവെന്ന രീതിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നിരുന്നു. ഇതിന് മറുപടിയുമായാണ് ജലീൽ ഇപ്പോൾ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

താൻ അവസാനം വരെ ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കുമെന്ന് കെ.ടി ജലീൽ വ്യക്തമാക്കി. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ പാർട്ടിയിൽ ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് ജലീലിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റങ്ങളും കുറവുകളും മനുഷ്യസഹജമാണെന്നും തെറ്റുകൾ പാർട്ടി തിരുത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കുമെന്നും, ഫീനിക്‌സ് പക്ഷിയെപ്പോലെ ഇടതുപക്ഷം ഉയിർത്തെഴുന്നേറ്റ് രാജ്യത്തെ മതനിരപേക്ഷതക്ക് കാവലിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ ചെറുത്ത് തോൽപിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button