മുട്ടിൽ മരംമുറി കേസ്…. പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ കോടതിയിൽ സമർപ്പിച്ചു…. ലേലം നടപടികൾ ഉടൻ

കൽപറ്റ: രാഷ്ട്രീയ കേരളത്തിൽ വൻ വിവാദമുയർത്തിയ മുട്ടിൽ മരംമുറി കേസിൽ നിർണായക നീക്കം. കേസിന്റെ ഭാഗമായി പിടിച്ചെടുത്ത 112 ഈട്ടിമരങ്ങളുടെയും മഹസർ അന്വേഷണസംഘം സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ചു. ബത്തേരി കോടതിയുടെ പ്രത്യേക നിർദേശപ്രകാരം മരങ്ങളുടെ വീണ്ടും കണക്കെടുപ്പ് നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ മഹസർ സമർപ്പിച്ചിരിക്കുന്നത്.

പിടിച്ചെടുത്ത മരങ്ങൾ ഉടൻ തന്നെ ലേലം ചെയ്യാനുള്ള സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായിട്ടാണ് കോടതി നിർദേശപ്രകാരം വീണ്ടും കണക്കെടുപ്പ് നടത്തിയത്. നിലവിൽ വയനാട് കുപ്പാടിയിലുള്ള ഫോറസ്റ്റ് ഡിപ്പോയിലാണ് പിടിച്ചെടുത്ത ഈട്ടിമരങ്ങളുടെ എണ്ണൂറോളം കഷ്ണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കോടതിയിൽ മഹസർ സമർപ്പിച്ചതോടെ ഈ തടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ ലേലം ചെയ്യാനുള്ള ഔദ്യോഗിക നടപടികൾ വൈകാതെ ആരംഭിക്കും.

പിടിച്ചെടുത്ത മരങ്ങൾ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ച് കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ (അഗസ്റ്റിൻ സഹോദരന്മാർ) എന്നിവർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തടികൾ വിട്ടുകിട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഇവർക്ക് കനത്ത തിരിച്ചടിയ നൽകിക്കൊണ്ടാണ് അപ്പീൽ കോടതി ഇവരുടെ ഹർജി തള്ളിയത്. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കടുത്ത നിയമനടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ഇതിനോടകം തന്നെ കേസുമായി ബന്ധപ്പെട്ട 36 ഓളം ഉപകേസുകളുടെ കുറ്റപത്രങ്ങൾ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പുതിയ മഹസർ കൂടി സമർപ്പിച്ചതോടെ പ്രതികൾക്കെതിരെയുള്ള വനംവകുപ്പിന്റെയും പൊലീസിന്റെയും കേസ് കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button