മരിച്ചെന്ന് കരുതി അടക്കം ചെയ്തയാൾ ജീവനോടെ തിരിച്ചെത്തി…. വീട്ടുകാരും നാട്ടുകാരും ഞെട്ടലിൽ

മരിച്ചെന്ന് കരുതി ബന്ധുക്കൾ ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്തയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ജാർഖണ്ഡിലാണ് സിനിമയെ വെല്ലുന്ന നാടകീയമായ ഈ സംഭവം നടന്നത്. 45-കാരനായ വിശ്രാം മുണ്ടയാണ് വീട്ടുകാർക്കും നാട്ടുകാർക്കും ഒരേസമയം അദ്ഭുതവും ഞെട്ടലുമുണ്ടാക്കി കൊണ്ട് വീട്ടിൽ തിരിച്ചെത്തിയത്.

പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, 2026 മേയ് 10-ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വിശ്രാം മുണ്ടയെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് തൊട്ടടുത്ത ദിവസം പൊലീസ് ഒരു ഓടയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ജീർണ്ണിച്ച ഒരു മൃതദേഹം കണ്ടെടുത്തു. ഈ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ മൃതദേഹം വിശ്രാം മുണ്ടയുടേതാണെന്ന് തെറ്റായി തിരിച്ചറിയുകയായിരുന്നു. മൃതദേഹത്തിന്റെ ഉയരവും ശരീരപ്രകൃതിയും മുഖച്ഛായയും വിശ്രാം മുണ്ടയുമായി വളരെയധികം സാദൃശ്യമുള്ളതായിരുന്നു. ഇതിനാൽ വീട്ടുകാരും നാട്ടുകാരും അത് കാണാതായ വ്യക്തി തന്നെയാണെന്ന് ഉറപ്പിച്ചു.

നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് ഗോത്രവർഗ്ഗ ആചാരപ്രകാരം അവർ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ, സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ വിശ്രാം മുണ്ട മകളുടെ വാടക വീട്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി ഇയാളെ ജീവനോടെ മുന്നിൽ കണ്ട ബന്ധുക്കൾ ആദ്യം അമ്പരന്നെങ്കിലും പിന്നീട് സംഭവിച്ച അമളി തിരിച്ചറിയുകയായിരുന്നു. വിശ്രാം മുണ്ട തിരിച്ചെത്തിയതോടെ നിലവിൽ അടക്കം ചെയ്ത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള വലിയ പ്രതിസന്ധിയിലാണ് പൊലീസ് ഇപ്പോൾ. മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനായി, അടക്കം ചെയ്ത ശവക്കല്ലറയിൽ നിന്നും മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button