‘2026-ലും 13-ാം നമ്പർ ഭയം, ഭരണാധികാരികൾ അന്ധവിശ്വാസങ്ങൾ മുറുകെ പിടിക്കുന്നത് നല്ലതല്ല’

പുതിയ വി.ഡി. സതീശൻ മന്ത്രിസഭയിലെ അംഗങ്ങളാരും 13-ാം നമ്പർ ഔദ്യോഗിക വാഹനം സ്വീകരിക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. പ്രസാദ്. ശാസ്ത്ര പുരോഗതിയുടെ ഈ കാലഘട്ടത്തിലും ഭരണാധികാരികൾ ഇത്തരം അന്ധവിശ്വാസങ്ങൾ മുറുകെപ്പിടിക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. പുരോഗമന ചിന്തകൾക്ക് പേരുകേട്ട കേരളത്തിൽ, ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകാനേ ഇത്തരം നിലപാടുകൾ ഉപകരിക്കൂ എന്നും ഒരു ചാനലിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

‘കഴിഞ്ഞ തവണ ഞങ്ങളത് ചോദിച്ചുവാങ്ങിച്ചതാണ്. 13-ാം നമ്പർ വണ്ടി എല്ലാ കാലത്തും ചർച്ച ചെയ്യപ്പെടുന്നതാണ് എന്നതുകൊണ്ട് എനിക്ക് ആ നമ്പർ അനുവദിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. അന്നും പലരും എന്നോട് പറഞ്ഞു നല്ല നമ്പറല്ല, വലിയ പ്രയാസവും പ്രതിസന്ധിയും ഉണ്ടാകും. വീണ്ടും സീറ്റ് കിട്ടണമെന്നില്ല. മത്സരിച്ചാൽ പരാജയപ്പെടും എന്നൊക്കെ. പക്ഷെ നമ്പറിന്റെ പേരിൽ അങ്ങനെ ഒന്നും ഒഴിവാക്കേണ്ടതില്ല. 13 അശുഭമാണെങ്കിൽ നമ്മൾ എവിടെല്ലാം യാത്ര ചെയ്യുന്നു, എത്ര കല്യാണം നടക്കുന്നു, കുഞ്ഞുങ്ങൾ ജനിക്കുന്നു. 13 പ്രശ്‌നമുളളതാണെങ്കിൽ പതിമൂന്നാം തിയതി ട്രെയിനുകൾ ഓടരുത്. വിമാനങ്ങൾ പറക്കരുത്, വാഹനങ്ങൾ ഓടരുത്. 2026-ൽ കോണ്ടം ഫിസിക്‌സിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് 13-ാം നമ്പർ ഭാഗ്യമില്ലാത്ത നമ്പറാണെന്ന് പറഞ്ഞ് കാർ ഒഴിവാക്കുന്നത് ലജ്ജാകരമാണ്. നവോത്ഥാന കേരളമെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്നിടത്ത് ഇത്തരം അന്ധമായ വിശ്വാസങ്ങൾ ഭരണാധികാരികൾ മുറുകെ പുണരുന്നു എന്നത് നല്ല സന്ദേശമല്ല ജനങ്ങളിലേക്ക് എത്തിക്കുന്നത്’- പി പ്രസാദ് പറഞ്ഞു.

വി ഡി സതീശൻ മന്ത്രിസഭയിലെ ആരും പതിമൂന്നാം നമ്പർ കാർ തെരഞ്ഞെടുത്തിരുന്നില്ല. മുൻപും യുഡിഎഫ് മന്ത്രിസഭയിലെ ആരും പതിമൂന്നാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി പ്രസാദാണ് പതിമൂന്നാം നമ്പർ കാർ ഉപയോഗിച്ചത്. ആദ്യ പിണറായി സർക്കാരിൽ ധനവകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകാണ് പതിമൂന്നാം നമ്പർ ചോദിച്ചുവാങ്ങി ഉപയോഗിച്ചത്. 2006-ൽ വി എസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയാണ് പതിമൂന്നാം നമ്പർ വാഹനത്തിൽ സഞ്ചരിച്ചത്.

Related Articles

Back to top button