പൗരത്വ നിയമത്തിൽ നിർണായക ഭേദഗതി…. പുതിയ പൗരത്വം ലഭിക്കുന്നവർ പഴയ പാസ്‌പോർട്ട് സറണ്ടർ ചെയ്യണം

2009-ലെ പൗരത്വ നിയമങ്ങളില്‍ നിർണായക ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇനി മുതല്‍ ഇന്ത്യയിൽ പുതിയ പൗരത്വം ലഭിക്കുന്നവര്‍ തങ്ങളുടെ പഴയ പാസ്‌പോര്‍ട്ട് അധികൃതർക്ക് മുന്നിൽ കെട്ടിവയ്ക്കണം (സറണ്ടർ ചെയ്യണം). പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്കാണ് പുതിയ നിയമം ബാധകമാവുക.
ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ തങ്ങളുടെ മുൻ പാസ്‌പോര്‍ട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണം എന്ന വ്യവസ്ഥയാണ് പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്യുമെന്റേഷന്‍ കാര്യക്ഷമമാക്കുക, നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക, സുരക്ഷാ കാര്യങ്ങളിൽ വ്യക്തത വരുത്തുക എന്നിവയാണ് ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മാറ്റങ്ങളുടെ ഭാഗമായി പൗരത്വ നിയമത്തിന്റെ ഷെഡ്യൂള്‍ 1c യില്‍ പുതിയ ക്ലോസ് ചേര്‍ത്തിട്ടുണ്ട്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള സാധുവായതോ അല്ലെങ്കിൽ കാലാവധി കഴിഞ്ഞതോ ആയ പാസ്‌പോര്‍ട്ടുകള്‍ കൈവശമുണ്ടെങ്കിൽ അത് വ്യക്തമാക്കണം. ഇല്ലെങ്കിൽ അതും സ്ഥിരീകരിക്കണം. പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ പാസ്‌പോര്‍ട്ടിന്റെ നമ്പര്‍, ഇഷ്യൂ ചെയ്ത തീയതി, രാജ്യം, സ്ഥലം എന്നിവ ഉള്‍പ്പെട്ട വിശദവിവരങ്ങൾ അപേക്ഷയ്ക്കൊപ്പം നൽകണം. ഇന്ത്യൻ പൗരത്വം അനുവദിച്ച് കിട്ടിയാൽ പതിനഞ്ച് ദിവസത്തിനകം പഴയ പാസ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്യേണ്ടതുണ്ട്. അപേക്ഷയിൽ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാൽ പൗരത്വം പൂർണ്ണമായും തള്ളുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.



