പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന് ദാരുണന്ത്യം

കണ്ണൂര്‍ അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസ്സുകാരന് ദാരുണന്ത്യം. പുന്നക്കപ്പാറ സ്വദേശി അമാന്‍ ആണ് മരിച്ചത്. പ്രദേശത്ത് നടന്ന യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് ശേഷം ബാക്കി വന്ന പടക്കങ്ങള്‍ എടുത്ത് കുട്ടികള്‍ കളിക്കുന്നതിനിടെയാണ് അപകടം. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ സന്തോഷം ആഘോഷിക്കുകയായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍.
പൊട്ടാതെ ബാക്കി വന്ന പടക്കങ്ങള്‍ കുട്ടികള്‍ ശേഖരിച്ച് ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നു. ശേഷം ഗ്രൗണ്ടിലുണ്ടായിരുന്ന ചെങ്കല്ലിന്റെ മുകളില്‍ വച്ച് ഉഗ്രശേഷിയുള്ള ഗുണ്ട് മാതൃകയിലുള്ള പടക്കം പൊട്ടിക്കാന്‍ കുട്ടികള്‍ ശ്രമിക്കുകയായിരുന്നു. പടക്കം പൊട്ടിത്തെറിച്ച് അമാന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും വലിയ തോതില്‍ രക്തം വാര്‍ന്ന് പോവുകയും ചെയ്തു.



