‘കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ’…റിപ്പോർട്ട് പുറത്ത്…

കൊച്ചി: കഴിഞ്ഞ മാസം 23-ന് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അത്യന്തം താഴ്ന്ന് പറന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. ആകാശത്തിൽ നിന്ന് അയ്യപ്പനെ തൊഴുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹെലികോപ്റ്റർ താഴ്ത്തിയതെന്ന് കണ്ടെത്തി.

നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് ഈ നീക്കം നടന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയിലെ ചുമതലയിൽ നിന്ന് മാറ്റി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിച്ചതായും വിവരമുണ്ട്.

ഹെലികോപ്റ്ററിൽ പൈലറ്റിനൊപ്പം സഹപൈലറ്റും ക്യാമറ ക്രൂവും ഉൾപ്പെടെ മൂന്ന് പേർ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമാക്കുന്നു. അതേ ഉദ്യോഗസ്ഥൻ മുൻപ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ശബരിമലയും ഗുരുവായൂരും സന്ദർശിച്ചിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി.

അതീവ സുരക്ഷാ മേഖലയായ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വിശദീകരണം.

Related Articles

Back to top button