തലസ്ഥാനത്ത് മഴ കനക്കുന്നു…. ആമയിഴഞ്ചാൻ തോട് വീണ്ടും മാലിന്യക്കൂമ്പാരം…. നടപടിയെടുക്കാതെ കോർപ്പറേഷൻ

തിരുവനന്തപുരം: കാലവർഷം എത്തിയതോടെ തലസ്ഥാന നഗരത്തിൽ മഴ ശക്തമായെങ്കിലും നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ശുചീകരിക്കാൻ നടപടിയില്ല. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, വഞ്ചിയൂർ, പാറ്റൂർ തുടങ്ങിയ പ്രധാന ഭാഗങ്ങളിലെല്ലാം മാലിന്യം കെട്ടിക്കിടന്ന് നഗരവാസികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.
തോട് ഒഴുകുന്ന ഭാഗങ്ങളിലെല്ലാം അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്. മാലിന്യങ്ങൾ അടിഞ്ഞുകൂടിയതോടെ കൊതുകുശല്യവും രോഗഭീഷണിയും വർധിച്ചതായി നാട്ടുകാർ പരാതിപ്പെടുന്നു. തോടിനോട് ചേർന്നുള്ള ഭാഗങ്ങളിൽ മണ്ണ് ഇടിഞ്ഞുതാഴുന്നത് പതിവായിട്ടും സംരക്ഷണ ഭിത്തികൾ നിർമ്മിക്കാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ല. തമ്പാനൂരിന് സമീപമുള്ള ഒരു വീട് ഏതുനിമിഷവും തോട്ടിലേക്ക് പതിക്കാവുന്ന നിലയിൽ അപകടാവസ്ഥയിലാണ്. രാത്രികാലങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ തോട്ടിലേക്ക് തള്ളുന്നതായി ആരോപണമുണ്ട്. മാലിന്യം തള്ളുന്നത് തടയാൻ സ്ഥാപിച്ച ഇരുമ്പ് മറകൾ പോലും നിലവിൽ തോട്ടിലേക്ക് തകർന്നു വീണ നിലയിലാണ്.
നേരത്തെ മഴക്കാലത്തിന് മുൻപേ ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ നടക്കാറുണ്ടായിരുന്നുവെന്നും ഇത്തവണ കോർപ്പറേഷന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായതെന്നും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി തോട് ശുചീകരിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



