നാല് വർഷത്തെ പിണക്കം, ഒടുവിൽ വധശ്രമം… കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം… ഭർത്താവ് പിടിയിൽ

കൊല്ലം: കുളത്തുപ്പുഴയിൽ ഓട്ടോറിക്ഷ കാത്തുനിൽക്കുകയായിരുന്ന ഭാര്യയെ കത്തിയുപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിലായി. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച അജീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കുടുംബ പ്രശ്നങ്ങളെത്തുടർന്ന് അജീഷും അശ്വതിയും കഴിഞ്ഞ നാല് വർഷമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ചെമ്പനഴികം ഭാഗത്ത് ഓട്ടോ കാത്തുനിൽക്കുകയായിരുന്നു അശ്വതി. ഈ സമയം സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ അജീഷ് അശ്വതിയെ മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് കുത്താൻ ശ്രമിക്കുകയുമായിരുന്നു. അശ്വതി ഒഴിഞ്ഞുമാറിയതിനാൽ പുറത്താണ് കുത്തേറ്റത്. പരിക്കേറ്റ അശ്വതി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയ കുളത്തുപ്പുഴ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button