‘സെക്സും ജെൻഡറും വ്യത്യസ്തം’….. ട്രാൻസ്ജെൻഡർ പുരുഷന് അണ്ഡം സൂക്ഷിക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി

കൊച്ചി: കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ ട്രാൻസ്ജെൻഡർ പുരുഷന് അനുമതി നൽകി കേരള ഹൈക്കോടതി. ജന്മനാ സ്ത്രീയായിരുന്ന 28കാരന് ഇപ്പോഴും ജൈവശാസ്ത്രപരമായി പ്രത്യുത്പാദനശേഷിയുണ്ടെന്നത് പരിഗണിച്ചാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ഉത്തരവ്. ലിംഗസ്വത്വം തിരഞ്ഞെടുത്തതിന്റെ പേരിൽ ഒരാൾക്ക് പ്രത്യുത്പാദനാവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശിയായ ഹർജിക്കാരനാണ് അനുകൂല വിധി നേടിയത്.

നിലവിലെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (ART) നിയമപ്രകാരം ദമ്പതികൾക്കും വിവാഹിതരല്ലാത്ത സ്ത്രീകൾക്കും മാത്രമാണ് കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതിയുള്ളത്. ഹർജിക്കാരൻ തന്റെ സ്വത്വം ‘ട്രാൻസ്ജെൻഡർ പുരുഷൻ’ എന്നാക്കി മാറ്റുകയും ഔദ്യോഗിക സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഹോർമോൺ ചികിത്സ ആരംഭിക്കുകയും ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്യുകയും ചെയ്ത ശേഷമാണ് അണ്ഡം സൂക്ഷിക്കുന്നതിനായി എ.ആർ.ടി ക്ലിനിക്കിനെ സമീപിച്ചത്. എന്നാൽ നിയമത്തിലെ സാങ്കേതിക വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ച് ക്ലിനിക്ക് അനുമതി നിഷേധിച്ചതോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ഈ ഹർജിയെ ശക്തമായി എതിർത്തിരുന്നു.

ഹർജിക്കാരന് ഇപ്പോഴും ഗർഭപാത്രം ഉൾപ്പെടെ സ്ത്രീ എന്ന നിലയിലുള്ള എല്ലാ പ്രത്യുത്പാദന അവയവങ്ങളും നിലനിൽക്കുന്നുണ്ട്. പൂർണ്ണമായ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞിട്ടില്ല. ജീവശാസ്ത്രപരമായ ലൈംഗികതയും (Sex) ലിംഗസ്വത്വവും (Gender) വ്യത്യസ്തമാണ്. എ.ആർ.ടി നിയമപ്രകാരം വ്യക്തി ജൈവശാസ്ത്രപരമായി സ്ത്രീ ആണോ എന്നത് മാത്രമാണ് പരിശോധിക്കേണ്ടത്. സ്വന്തം ലിംഗസ്വത്വം ട്രാൻസ്ജെൻഡർ പുരുഷനായി തിരഞ്ഞെടുത്തതിന്റെ പേരിൽ മാത്രം ഒരാളുടെ പ്രത്യുത്പാദനാവകാശം ഇല്ലാതാകുന്നില്ല.

ഹർജിക്കാരന് അണ്ഡം സൂക്ഷിക്കാൻ ഏതെങ്കിലും എ.ആർ.ടി ബാങ്കിനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു. അതേസമയം, എ.ആർ.ടി നിയമത്തിന്റെ ഭരണഘടനാസാധുത ഈ ഘട്ടത്തിൽ പരിശോധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരിൽ അണ്ഡം/ബീജം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ച് വ്യക്തമായ ബോധവത്കരണം നൽകേണ്ടതുണ്ട്. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക മാന്വൽ തയ്യാറാക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

Related Articles

Back to top button