രണ്ട് മന്ത്രിസ്ഥാനമില്ല…. കേരള കോൺഗ്രസിന് ഒരു മന്ത്രിയും ചീഫ് വിപ്പും മാത്രം… അനൂപിനും കാപ്പനും ടേം വ്യവസ്ഥ

തിരുവനന്തപുരം: യു.ഡി.എഫിൽ മന്ത്രിസ്ഥാന ചർച്ചകൾ മുറുകുന്നതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത തിരിച്ചടി. പാർട്ടിക്ക് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും മാത്രം നൽകാനാണ് യു.ഡി.എഫ് തീരുമാനം. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം മുന്നണി നേതൃത്വം തള്ളി. അതേസമയം, ഘടകകക്ഷികളായ അനൂപ് ജേക്കബിനും മാണി സി. കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ധാരണയായിട്ടുണ്ട്. ഇതിൽ ആദ്യ ടേം അനൂപ് ജേക്കബിന് നൽകാനാണ് നിലവിലെ തീരുമാനം.

രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് വ്യക്തമാക്കി. മുന്നണി നൽകിയ ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് അർഹതപ്പെട്ട സ്ഥാനമാണ് ചോദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഏഴ് എം.എൽ.എമാർ ജയിച്ചുവന്ന സാഹചര്യം യു.ഡി.എഫ് നേതൃത്വത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. രണ്ട് മന്ത്രിസ്ഥാനം കേരള കോൺഗ്രസിന് പൂർണ്ണമായും അർഹതപ്പെട്ടതാണ്. അത് നൽകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.’ — മോൻസ് ജോസഫ്

രണ്ട് മന്ത്രിസ്ഥാനമില്ലെങ്കിൽ സ്വീകരിക്കാൻ മുന്നണി ചില ഫോർമുലകൾ മുന്നോട്ട് വെച്ചിരുന്നുവെന്നും എന്നാൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഗവൺമെന്റിന്റെ കാലത്ത് ഒൻപത് എം.എൽ.എമാരുണ്ടായിരുന്ന പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും ഒരു ചീഫ് വിപ്പ് സ്ഥാനവുമുൾപ്പെടെ മൂന്ന് പദവികൾ ലഭിച്ചിരുന്നു. സീറ്റ് വിഭജന ചർച്ചകളിൽ കേരള കോൺഗ്രസ് വലിയ വിട്ടുവീഴ്ചയാണ് ചെയ്തത്. ഇടുക്കിയും ഏറ്റുമാനൂരും പാർട്ടി മത്സരിച്ചാലും ജയിക്കുമായിരുന്ന സീറ്റുകളായിരുന്നിട്ടും അത് കോൺഗ്രസിന് വിട്ടുനൽകുകയായിരുന്നു. കോൺഗ്രസിനോട് വലിയ രീതിയിലുള്ള സഹകരണമാണ് തങ്ങൾ കാണിച്ചതെന്നും അതിനാൽ തികച്ചും ന്യായമായ ഈ ആവശ്യം മുന്നണി നിറവേറ്റി തരുമെന്നാണ് വിശ്വാസമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

Related Articles

Back to top button