ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി….വിമർശനം യോഗനാദം എഡിറ്റോറിയലിൽ

മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ. യോഗനാദം എഡിറ്റോറിയലിലാണ് രൂക്ഷ വിമർശനം. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി ലേഖനത്തിൽ ആരോപണമുന്നയിക്കുന്നു. ലീഗിന്റെ മതേതര നിലപാടിനെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കിയെന്നും മുസ്ലിം ലീഗിന്റെ വർഗീയതയെ എതിർത്തതിന് തന്നെ തെരുവിൽ അധിക്ഷേപിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
യുഡിഎഫ് അധികാരത്തിലേറും മുൻപ് മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങി. ഭരണത്തിൻ്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ശ്രമം. സർക്കാർ കൂട്ട് നിൽക്കുമോ എന്ന് കാത്തിരുന്ന് കാണാം. ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും മുസ്ലീം ലീഗിൻ്റെ മുഖ്യശത്രുക്കൾ. കെ എം ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ഷാജിയെ മന്ത്രി ആക്കിയാൽ മതസൗഹാർദം പൂത്തുലയുമെന്നാണ് ലീഗ് നിലപാടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. മതേതര സമൂഹത്തിന് മുന്നിൽ മുസ്ലീം ലീഗിൻ്റെ ഉടുമുണ്ട് അഴിഞ്ഞു. മുസ്ലിം ലീഗ് അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടം മാത്രം.



