‘വെള്ളാപ്പള്ളിയെ തൊട്ടാൽ കൈവെട്ടും’….. മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി മീനച്ചിൽ യൂണിയൻ….. പാലായിൽ പ്രതിഷേധം

പാലാ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗ് നടത്തുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ. അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ ലീഗുകാരന്റെ കൈവെട്ടുമെന്നും അദ്ദേഹത്തെ വെല്ലുവിളിച്ചാൽ ലീഗ് നേതാക്കളെ തടയുമെന്നും പ്രതിഷേധ യോഗത്തിൽ സുരേഷ് ഇട്ടിക്കുന്നേൽ പ്രസംഗിച്ചു.
മതസാഹോദര്യത്തിന്റെ മണ്ണിൽ മനഃപൂർവം വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് യൂണിയൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും അത്തരം ശ്രമങ്ങൾ നടത്തുന്നവരെ നിലയ്ക്കുനിർത്താൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ പാലായിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം പ്രവർത്തകർ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ സുരേഷ് ഇട്ടിക്കുന്നേൽ. നൂറുകണക്കിന് പ്രവർത്തകരാണ് പാലായിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.



