‘യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി പങ്കെടുക്കും’; രാജീവ് ചന്ദ്രശേഖർ

തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.ഡി. സതീശൻ ഔപചാരികമായി ക്ഷണിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ബിജെപി എംഎൽഎമാരും പ്രവർത്തകരും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അദ്ദേഹം ആശംസകളും നേർന്നു. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിന് ശേഷമുള്ള രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ പ്രതികരണമാണ് ഇത്.
ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി. എന്നിവരും പങ്കെടുക്കും. അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖർക്കും ക്ഷണമുണ്ടെന്ന് റിപ്പോർട്ടുണ്ട്.


