വായിൽ ബാൻഡേജ് ഒട്ടിച്ച് പ്രതിഷേധം… മമതയെയും അഞ്ച് തൃണമൂൽ എംപിമാരെയും…

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് തൃണമൂൽ കോൺഗ്രസ് എംപിമാരെയും മമതയ്‌ക്കൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ സൗത്ത് അവന്യൂവിൽ പ്രതിഷേധിക്കവെയാണ് മമതയെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

വായിൽ ബാൻഡേജ് ഒട്ടിച്ചായിരുന്നു മമതയുടെ പ്രതിഷേധം. പൊലീസിന്റെ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റമാണെന്ന് അവർ പ്രതികരിച്ചു. പൊലീസ് ബസിനുള്ളിൽനിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മമത നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെ ശബ്ദം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ സഖ്യം പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. ഡെറിക് ഒബ്രിയൻ, ദോല സെൻ, പ്രതിമ മണ്ഡൽ, സാകേത് ഗോഖലെ എന്നിവരുൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് എംപിമാരാണ് മമതയ്‌ക്കൊപ്പം കസ്റ്റഡിയിലുള്ളത്. ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിച്ച നിരവധി പ്രതിപക്ഷ നേതാക്കളെയും വിദ്യാർഥി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.

കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം എംപി ജോൺ ബ്രിട്ടാസ്, സിപിഎം നേതാവ് കെ.എൻ. ബാലഗോപാൽ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിൽ കൂടുതൽ രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കളെ കസ്റ്റഡിയിലെടുത്തതോടെ കേന്ദ്രസർക്കാരിനും പ്രതിപക്ഷത്തിനുമിടയിലെ രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്.

Related Articles

Back to top button