ഗ്യാനേഷിനെ രക്ഷിക്കാൻ ബിജെപിക്ക് മരണവെപ്രാളം… തിങ്കളാഴ്ച ഡൽഹി കാണാൻ പോകുന്നത് വൻ സമരം….

ന്യൂഡൽഹി: ഗ്യാനേഷിനെ രക്ഷിക്കാനായി ബിജെപി മരണവെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിയുടെ നടപടികൾ അവരുടെ തന്നെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡൽഹി ഇതുവരെ കണ്ടിട്ടില്ലാത്ത സമരത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ പരിഭ്രാന്തിയിലാണെന്നും അതിന്റെ ഭാഗമായാണ് ഡൽഹിയിൽ ഇതുവരെ കാണാത്ത സംഭവവികാസങ്ങൾ അരങ്ങേറുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനായിരിക്കും തിങ്കളാഴ്ച സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനമൊഴിയണമെന്നാണ് ആവശ്യം. ഇതിനായുള്ള സമരം രാജ്യത്തുടനീളം വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എയിംസ് അനുവദിക്കുമെന്ന് ബിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കെ.സി. വേണുഗോപാൽ, 13 വർഷമായി അധികാരത്തിലിരിക്കുന്ന ബിജെപിക്ക് എന്തുകൊണ്ട് കേരളത്തിന് എയിംസ് അനുവദിക്കാനാകുന്നില്ലെന്നും ചോദിച്ചു. അന്ന് ആരോഗ്യമന്ത്രിയായിരുന്ന വ്യക്തി തന്നെയാണ് ഇപ്പോഴും ആ സ്ഥാനത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയിംസ് അനുവദിക്കുന്നത് തടയാൻ ബിജെപിക്ക് ഇനി രണ്ടുവർഷം കൂടിയേ കഴിയൂവെന്നും 2029ൽ കേരളത്തിൽ എയിംസ് യാഥാർഥ്യമാകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
