പാലക്കാട്ടെയും മഞ്ചേശ്വരത്തെയും തോൽവിയിൽ ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ വിജയ പ്രതീക്ഷ ഉണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളായിരുന്നു പാലക്കാടും മഞ്ചേശ്വരവും. എന്നാൽ ഈ രണ്ട് മണ്ഡലങ്ങളിൽ നിന്നും ഉണ്ടായ കനത്ത തിരിച്ചടിയിൽ കെ.സുരേന്ദ്രനും ശോഭ സുരേന്ദ്രനും ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം. തിരഞ്ഞെടുപ്പ് ആകുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മണ്ഡലത്തിൽ സജീവമായിരുന്നുവെങ്കിൽ വിജയം സുനിശ്ചിതമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴക്കൂട്ടത്തെ വി.മുരളീധരന്റെ വിജയവും, ചാത്തന്നൂർ മണ്ഡലത്തിൽ ബി.ബി.ഗോപകുമാർ വിജയിച്ചതും അങ്ങനെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പി.സി.ജോർജിനും ഷോൺ ജോർജിനുമെതിരെയും കോർ കമ്മറ്റിയിൽ വിമർശനമുയർന്നു. സഭയ്‌ക്കെതിരെ ഇരുവരും ഉന്നയിച്ച വിമർശനങ്ങളുമായി ബന്ധപ്പെട്ടാണ് കമ്മറ്റിയിൽ വിമർശനം ഉയർന്നത്. സഭാവിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കോർ കമ്മിറ്റിയിൽ നേതാക്കൾ പറഞ്ഞത്. സാഹചര്യം അനുകൂലമല്ലാതിരുന്നിട്ട് കൂടി ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവരുടെ വോട്ടുകൾ ലഭിച്ചു. അനൂപ് ആന്റണി രണ്ടാം സ്ഥാനത്തെത്തിയത് ഇതിന്റെ തെളിവാണെന്നും കോർ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുൻപ് സൗജന്യ ബസ് യാത്രയുമായി ബന്ധപ്പെട്ട് മഹിളാ മോർച്ച നടത്തിയ സമരം ഒഴിവാക്കണമായിരുന്നുവെന്നും കോർ കമ്മിറ്റിയിൽ അഭിപ്രയമുണ്ടായി. പാർട്ടിയെ അപഹാസ്യരാക്കുന്ന തരത്തിലുള്ള ഇത്തരം സമരങ്ങൾ ഒഴിവാക്കേണ്ടതാണെന്നും, പാർട്ടിയുമായി കൂടിയാലോചന നടത്തിയതിന് ശേഷം മാത്രം ഇത്തരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കേണ്ടതുള്ളുവെന്നും നേതൃത്വം അറിയിച്ചു.

അതേസമയം, ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി വി.മുരളീധരനെ തിരഞ്ഞെടുത്തേക്കും. ഇക്കാര്യത്തിൽ കോർ കമ്മിറ്റി യോഗത്തിൽ ധാരണ ഉണ്ടായി. ഇന്ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനമുണ്ടാകും.

Related Articles

Back to top button